നെടുമങ്ങാട് : നവകേരള സദസിൽ ലഭിച്ച പരാതികളുടെ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചു ചേർത്ത് മന്ത്രി ജി.ആർ.അനിൽ.ജില്ലയിലെ ആദ്യ നിയോജക മണ്ഡലംതല അവലോകന യോഗമാണ് നെടുമങ്ങാട് നടന്നത്.ഓരോ വകുപ്പിലും ലഭിച്ച അപേക്ഷ ഏതുനിലയിൽ പരിഹരിച്ചു എന്ന് വ്യക്തമാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.ജല അതോറിട്ടിയിൽ 53 അപേക്ഷ ലഭിച്ചു. പൂവത്തൂർ, ചെരുക്കൂർകോണം ഭാഗങ്ങളിൽ പുതിയ വാട്ടർ കണക്ഷൻ അനുവദിച്ചു.റവന്യു വിഭാഗം 251 അപേക്ഷകളിൽ 70 എണ്ണം തീർപ്പാക്കി. 130 റീ സർവേ പരാതികളിൽ ഒന്നിലും പരിഹാരമായില്ല. തരം മാറ്റം, പട്ടയം പ്രശ്നങ്ങൾ അദാലത്ത് മുഖേനെ പരിഹരിക്കും.വന്യജീവി ആക്രമണത്തിൽ ഡി.എഫ്.ഓയ്ക്ക് ലഭിച്ച എട്ട് അപേക്ഷയിൽ ആറും പരിഹരിച്ചു. ക്ഷീരകർഷക കുടുംബത്തിന് പശു വളർത്താൻ പലിശരഹിത വായ്‌പ്പ അനുവദിച്ചു.ഗ്യാസ് കണക്ഷൻ അപേക്ഷകളിൽ തീർപ്പുണ്ടാക്കി.29 വായ്‌പ്പ തിരിച്ചടവ് അപേക്ഷകളിലും 34 എംപ്ലോയ്‌മെന്റ് അപേക്ഷകളിലും നടപടിയായി.പോസ്റ്റ് മാറ്റം ഉൾപ്പടെ കെ.എസ്.ഇ.ബിക്ക് ലഭിച്ച 38 പരാതികളിൽ പരിഹാരമായി.മാണിക്കലിൽ വഴിപ്രശ്നവും വഴിവിളക്കു പരാതിയും പരിഹരിച്ചു.നഗരസഭ 986 പരാതികളിൽ 361 എണ്ണം തീർപ്പാക്കി.ആർ.ഡി.ഒ കെ.പി.ജയകുമാർ, എ.ഡി.എം അനിൽ ജോസ്,റൂറൽ എസ്.പി കിരൺ നാരായൺ,നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ,തഹസിൽദാർ ജെ.അനിൽകുമാർ,നെയ്യാറ്റിൻകര തഹസിൽദാർ അരുൺ,ഡിവൈ.എസ്.പിമാരായ ബൈജുകുമാർ,എൻ.ഷിബു എന്നിവർ പങ്കെടുത്തു.