
പാലോട്: നന്ദിയോട് നളന്ദ ടി.ടി.ഐയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിനവിന് (11) സഹപാഠികളുടേയും അദ്ധ്യാപകരുടേയും യാത്രാമൊഴി. കഴിഞ്ഞ ദിവസം കീടനാശിനി കഴിച്ച് മരിച്ച അഭിനവിന്റെ മൃതദേഹം ഒന്നാം ക്ലാസുമുതൽ പഠിച്ച നളന്ദ സ്കൂളിലെത്തിച്ചപ്പോൾ ഹെഡ്മിസ്ട്രസ് പ്രീത ടീച്ചറും ക്ലാസ് ടീച്ചർ സുനിൽ സാറും അദ്ധ്യാപിക ഷൈനി ടീച്ചറും പൊട്ടിക്കരയുകയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നു അഭിനവെന്ന് സഹപാഠികളായ അനന്തകൃഷ്ണനും ജ്വാലാഖയാലും ശിവപ്രിയയും മഹാലക്ഷിയും വിതുമ്പലോടെ പറയുന്നു. ചിത്രരചന, കവിതാരചന, ഗാനാലാപനം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ജ്യൂസെന്ന് കരുതി ചെടിക്ക് ഒഴിക്കുന്ന കീടനാശിനി കഴിച്ചാണ് അഭിനവ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞെത്തിയ അഭിനവ് റൂമിൽ ഇരുന്ന കീടനാശിനിയാണ് കുടിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടരയോടെ വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലെത്തിച്ചത്.തുടർന്ന് പയറ്റടി പ്രിയാഭി എന്ന വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.പ്രശാന്തിന്റെയും യമുനയുടേയും ഇളയ മകനാണ് അഭിനവ്. അഭിനന്ദാണ് സഹോദരൻ.