k

ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വേണ്ടി രൂപം നൽകിയ 'ഇന്ത്യ" മഹാസഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ വൻ പ്രതിസന്ധി നേരിടുകയാണ്. പ്രതിപക്ഷ നിരയിലെ മുഖ്യകക്ഷികളിലൊന്നായ തൃണമൂൽ കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവ് മമതാ ബാനർജിയുടെയും പഞ്ചാബിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ആം ആദ്‌മി പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യാ സഖ്യത്തിന്റെ ഭാവിയിൽ കരിനിഴൽ വീണത്.

ഇന്ത്യാ സഖ്യകക്ഷികൾ തമ്മിൽ സീറ്റ് ധാരണയുണ്ടാക്കി വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്ന ധാരണ കാറ്റിൽപ്പറത്തിയാണ് തൃണമൂൽ നേതാവ് മമതാ ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും കഴിഞ്ഞ ദിവസം ഏകപക്ഷീയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നത്. കോൺഗ്രസുമായി എന്നല്ല,​ പ്രതിപക്ഷനിരയിലെ ഒരു പാർട്ടിയുമായും സീറ്റ് പങ്കിടൽ സംബന്ധിച്ച് നീക്കുപോക്കില്ലെന്ന കടുത്ത നിലപാടിലാണ് മമത. അതുപോലെ പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റിലും എ.എ.പി ഒറ്റയ്ക്കാകും മത്സരിക്കുകയെന്ന് ഭഗവന്ത് സിംഗും പറയുന്നു. ഡൽഹിയിലെ ഏഴു ലോക്‌സഭാ സീറ്റിൽ ധാരണയുണ്ടാക്കാൻ എ.എ.പി കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച നടന്നുകൊണ്ടിരിക്കെയാണ് സഖ്യനീക്കം അവതാളത്തിലാക്കിയുള്ള പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം മാത്രം കോൺഗ്രസിനു നൽകാമെന്നാണ് മമത നിലപാടെടുത്തത്. കോൺഗ്രസ്സാകട്ടെ 12 സീറ്റാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീടത് ആറു സീറ്റായി കുറച്ചെങ്കിലും രണ്ടിനപ്പുറം പ്രതീക്ഷിക്കുകയേ വേണ്ടെന്നാണ് മമതയുടെ നിലപാട്. ബംഗാളിൽ ആധിപത്യമുള്ള തൃണമൂൽ പാർട്ടിക്ക് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്നതാണ് മമതയുടെ അയവില്ലാത്ത നിലപാടിനു കാരണം. ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനെ കൂടെക്കൂട്ടിയാലും വലിയ നേട്ടമൊന്നുമുണ്ടാകാനിടയില്ലെന്ന് അവർ കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാനാണ് തീരുമാനമെങ്കിലും തിരഞ്ഞെടുപ്പിനുശേഷം സഖ്യത്തിന്റെ ഭാഗമായി തുടരാൻ തങ്ങളും കാണുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഏതാണ്ട് ഇതേ നിലപാടാണ് പഞ്ചാബിൽ എ.എ.പിയുടേത്. കോൺഗ്രസുമായി ചേർന്ന് മത്സരത്തിനിറങ്ങേണ്ട ആവശ്യം തങ്ങൾക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ നിലപാട്. ബംഗാളിലും പഞ്ചാബിലും ഇന്ത്യാ സഖ്യത്തിൽ വിള്ളൽ വീഴുമ്പോൾത്തന്നെ ബീഹാറിൽ ജനതാദൾ - എസ് നേതാവ് നിതീഷ്‌കുമാറിൽ കാണുന്ന ചാഞ്ചാട്ടം സഖ്യത്തെ കൂടുതൽ ദുർബലമാക്കുമെന്ന ആശങ്ക പരത്തിയിട്ടുണ്ട്. അധികാരത്തിൽ എപ്പോഴും നോട്ടമുള്ള നിതീഷ് വീണ്ടും ബി.ജെ.പി പക്ഷത്തേക്കു ചായുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. കുറച്ചുകാലം മുമ്പുവരെ എൻ.ഡി.എയുടെ ഭാഗമായിരുന്നു അദ്ദേഹം. കൂടുതൽ വിശാലമായ സ്വപ്നം കണ്ടാണ് മറുകണ്ടം ചാടിയത്. ഇന്ത്യാ സഖ്യവുമായി കൂടുതൽ വിലപേശലിനു വേണ്ടിയാണോ ഇപ്പോഴത്തെ നിലപാടെന്ന് സംശയിക്കുന്നവരുമുണ്ട്.

ഏതായാലും പൊതുതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഇതുപോലുള്ള നിലപാടു മാറ്റങ്ങൾ ഇനിയും ധാരാളമായി ഉണ്ടായെന്നു വരും. ഡൽഹി ഭരണത്തിന്റെ ഭാഗമാകുകയെന്നത് എല്ലാ കക്ഷികളുടെയും സ്വപ്നമാണല്ലോ.

തൃണമൂൽ പാർട്ടിയുടെയും എ.എ.പിയുടെയും പുതിയ തീരുമാനത്തിൽ കോൺഗ്രസ് പുറമെ ആശങ്കയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉള്ളാലേ സമ്മർദ്ദത്തിൽത്തന്നെയാണ്. പരസ്പര ചർച്ചകൾ വഴി തെറ്റിദ്ധാരണകൾ പരിഹരിച്ച് സഖ്യവുമായി മുന്നോട്ടുപോകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ. രാഷ്ട്രീയത്തിൽ അസാദ്ധ്യമായത് ഒന്നുമില്ലാത്തതിനാൽ കോൺഗ്രസിന്റെ പ്രതീക്ഷ ഒരുപക്ഷേ നിറവേറിയെന്നു വരും. ഏതായാലും വരുംനാളുകൾ ദേശീയ രാഷ്ട്രീയം ഇതുപോലുള്ള കൊച്ചുകൊച്ചു ഭൂകമ്പങ്ങളാൽ പ്രകമ്പനം കൊള്ളുമെന്നതിൽ സംശയം വേണ്ട.