
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ചെറിയ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നലെ നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. 1.24 മിനിറ്റിൽ രണ്ട് ഖണ്ഡിക വായിച്ച് പ്രസംഗം അവസാനിപ്പിച്ച ഗവർണർ ഭരണ, പ്രതിപക്ഷാംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു. ദേശീയഗാനം ഉൾപ്പെടെ ആകെ 2.45 മിനിറ്റേ ഗവർണർ ഡയസിലുണ്ടായിരുന്നുള്ളൂ.
സെപ്തംബറിൽ കാലാവധി കഴിയുന്ന ഗവർണറുടെ അവസാന നയപ്രഖ്യാപനമായിരുന്നു. മുൻപ് ഒന്നര മുതൽ 2.05 മണിക്കൂർ വരെയെടുത്ത് പ്രസംഗം വായിച്ചിട്ടുള്ള ഗവർണറാണ് ഖാൻ.
കേരളത്തിലെ ഏറ്റവും ചെറിയ നയപ്രഖ്യാപനത്തിന്റെ റെക്കാഡ് ജ്യോതി വെങ്കിടചെല്ലത്തിന്റെ പേരിലായിരുന്നു. 1982ജനുവരി 29ന് 4മിനിറ്റിൽ പ്രസംഗം തീർത്തു. കെ.കരുണാകരന്റെ ഇടക്കാല സർക്കാരിന്റെ നയപ്രഖ്യാപനം ഇടത് അംഗങ്ങളുടെ ബഹളത്തിൽ മുങ്ങിപ്പോയി. പ്രതിഷേധം കാരണം പഴയ നിയമസഭാമന്ദിരത്തിന്റെ പിൻവാതിലിലൂടെ കയറിയ ഗവർണർ ആദ്യത്തെയും അവസാനത്തെയും ഖണ്ഡികകൾ വായിച്ച് നിർത്തുകയായിരുന്നു. അന്ന് 6 മിനിറ്റിൽ സഭ പിരിഞ്ഞു. അതിനുശേഷം ഇന്നലെയാണ് ആദ്യ, അവസാന ഖണ്ഡികകൾ മാത്രം വായിച്ച് ഗവർണർ നയപ്രഖ്യാപനം നടത്തിയത്.
പല ഗവർണർമാരും പ്രസംഗം പൂർണമായി വായിക്കാതിരുന്നിട്ടുണ്ട്. 1995 ജനുവരി 25ന് ഗവർണർ ബി.രാച്ചയ്യ അനാരോഗ്യം കാരണം 12മിനിറ്റിൽ പ്രസംഗം തീർത്തു.
ഒഴിവായ പട്ടവും,
പിണങ്ങിയ വാഞ്ചുവും
ആന്ധ്ര ഗവർണറായിരിക്കെ പട്ടം താണുപിള്ളയ്‌ക്ക് നയപ്രഖ്യാപന ദിവസമായ 1967മാർച്ച് 20ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സ്പീക്കർ ബി.വി.സുബ്ബറെഡ്ഡിയാണ് നയപ്രഖ്യാപനം നടത്തിയത്. രാഷ്ട്രപതിയോ ഗവർണറോ അല്ലാതെ നയപ്രഖ്യാപനം വായിച്ച ഏക വ്യക്തിയെന്ന റെക്കാഡ് സുബ്ബറെഡ്ഡിക്കായി.
നയപ്രഖ്യാപനത്തിന് എത്തിയപ്പോൾ തനിക്കെതിരെ പ്രതിഷേധമുണ്ടായതിന് പിണങ്ങിയ ഗവർണറാണ് എൻ.എൻ. വാഞ്ചു. പഴയ നിയമസഭാ മന്ദിരത്തിലായിരുന്നു സമ്മേളനം. പിൻവാതിലിലൂടെയെത്തി നയപ്രഖ്യാപനം നടത്തിയ വാഞ്ചു രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷം ആഭ്യന്തര സെക്രട്ടറി കാളീശ്വരനെ വിളിച്ചുവരുത്തി പൊട്ടിത്തെറിച്ചു.
2001ജൂൺ 29ന് ഗവർണർ സുഖ്ദേവ് സിംഗ് കാംഗ് നയപ്രഖ്യാപനത്തിലെ നാല് ഖണ്ഡികകൾ വായിക്കാതെ വിട്ടു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തോൽവിക്ക് കാരണം അഴിമതിയും അക്രമവും ദുർഭരണവുമാണെന്ന് വിശദീകരിക്കുന്ന ഖണ്ഡികകളാണ് വിട്ടത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായതിനാൽ അവ സഭാരേഖയിൽ നിലനിന്നു. എ.കെ.ആന്റണിയായിരുന്നു മുഖ്യമന്ത്രി.
2018ൽ ജസ്റ്റിസ് പി. സദാശിവം നയപ്രഖ്യാപനം പൂർണമായി വായിച്ചിരുന്നില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ വിട്ടുകളഞ്ഞു.
ആക്ടിംഗ് ഗവർണറായിരുന്ന എച്ച്.ആർ.ഭരദ്വാജ് 2012ലും 2013ലും നാല് ഖണ്ഡിക വീതം ഒഴിവാക്കിയിരുന്നു.