punnala

തിരുവനന്തപുരം: പാഠങ്ങൾ ഉൾക്കൊണ്ട് ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ എല്ലാ പിന്നാക്കവിഭാഗങ്ങളും അണിനിരക്കുന്ന വൻപ്രക്ഷോഭത്തിന് കേരളം സാക്ഷിയാകേണ്ടിവരുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഓർമ്മപ്പെടുത്തി. ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കെ.പി.എം.എസിന്റെ സമരം കേരള സർക്കാരിനുള്ള താക്കീതാണ്. ജാതി സെൻസസിനെക്കുറിച്ച് കേരളം മൗനം പാലിക്കുകയാണ്. കേരളം ഭരിക്കുന്നത് ഒരു സവർണ ഗവൺമെന്റാണെന്ന് പിന്നാക്കവിഭാഗങ്ങൾ പ്രഖ്യാപിച്ചാൽ ഗവൺമെന്റിന്റെ കൗണ്ട് ഡൗൺ ആരംഭിക്കും. മുന്നാക്കസംവരണപ്രശ്നം വന്നപ്പോൾ തമിഴ്നാട് പറഞ്ഞത് മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം സംവരണമല്ല സാമ്പത്തിക പാക്കേജുകളാണെന്നാണ്. കേന്ദ്ര ഗവൺമെന്റ് സ്കീമുകൾ ആവിഷ്കരിച്ചാൽ തന്റെ ഗവൺമെന്റ് അത് ശക്തമായി നടപ്പാക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. എന്നാൽ കേരളം ചെയ്തത് എന്താണ് !കേന്ദ്രത്തിന്റെ പലപദ്ധതികളും നടപ്പാക്കാൻ വൈമനസ്യം കാണിക്കുന്ന കേരളമാണ് മുന്നാക്ക സംവരണം നടപ്പാക്കാൻ മുന്നിൽനിന്നത്.

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കാത്തത് കാരണം പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകാത്ത സ്ഥിതിയാണ്. ഫെലോഷിപ്പ്,​ ഇ -ഗ്രാന്റ് തുടങ്ങിയവയൊന്നും ലഭിക്കുന്നില്ല. ഹോസ്റ്റൽ സൗകര്യം നൽകാത്തത് കാരണം ദരിദ്രരായ കുട്ടികൾക്ക് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വരികയാണ്.

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ നിഷ്‌ഠൂരമായ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിടാൻ ഇടയായത് ഭരണാധികാരികളുടെയും പൊലീസിന്റെയും അനാസ്ഥകൊണ്ടാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ,​ വൈസ് പ്രസിഡന്റ് സനീഷ് കുമാർ,​ അസി.സെക്രട്ടറിമാരായ പി.വി.ബാബു, ആർ.വിജയകുമാർ,​ എ.പി. ലാൽകുമാർ,​ ട്രഷറർ സാബു കാരിശ്ശേരി, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബൈജു കലാശാല എന്നിവർ നേതൃത്വം നൽകി. ആറ് ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ‌ പങ്കെടുത്തു.