മുടപുരം: നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ കിഴുവിലം പഞ്ചായത്തിൽ യാത്രാക്ലേശം രൂക്ഷം. കൊവിഡ് നിയന്ത്രണങ്ങൾ മൂലം നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളാണ് ഇനിയും പുനരാരംഭിക്കാത്തത്.
ഇതുമൂലം കിഴുവിലം, ചിറയിൻകീഴ് പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശമാണ് രൂക്ഷമായത്. നല്ല കളക്ഷനുണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ സർവീസുകൾ നിറുത്തലാക്കിയതോടെ ഈ പ്രദേശങ്ങളിൽ നിന്ന് നഗരത്തിലേക്ക് പഠനത്തിനും ജോലിക്കും മറ്റുമായി പോകുന്നവരാണ് ദുരിതത്തിലായത്.
ഇതുമൂലം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ട്രെയിൻ യാത്രക്കാരും യാത്രാക്ലേശം അനുഭവിക്കുകയാണ്. സർവീസുകൾ പുനഃരാരംഭിക്കണമെന്നാവശ്യം ഉന്നയിച്ച് വിവിധ സംഘടനകളും വ്യക്തികളും മന്ത്രിയടക്കം വിവിധ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല.ഇപ്പോൾ പുതിയ ട്രാൻസ്‌പോർട്ട് മന്ത്രി വന്നതിനാൽ കിഴുവിലത്തുകാരുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.ഈ ആവശ്യം ഉന്നയിച്ച് നവകേരള സദസിൽ നൽകിയ നിവേദനം ട്രാസ്പോർട്ട് കമ്മിഷണർക്ക് കൈമാറിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ല.
പുതിയ സർവീസുകളില്ല
കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസുകൾ ചിറയിൻകീഴിൽ നിന്ന് ആരംഭിക്കണമെന്നാവശ്യവും ശക്തമാണ്. ഓർഡിനറി നിരക്കിൽ ചാർജ്ജ് ഈടാക്കുകയും സ്ഥിരം യാത്രക്കാർക്ക് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന ഷട്ടിൽ സർവീസുകൾ വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും. പുതുതായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ ബസുകളിൽ ഒന്നുപോലും ഈ പ്രദേശത്തേക്ക് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
നിറുത്തലാക്കിയത്
ചിറയിൻകീഴ് നിന്ന് ആരംഭിച്ച് മുടപുരം,കോരാണി വഴി കിഴക്കേകോട്ടയിൽ പോകുന്ന ലോഫ്ലോർ ബസ്,ചിറയിൻകീഴ് നിന്ന് കോരാണി വഴി തിരുവനന്തപുരത്തേക്കുള്ള ബസ്,ചിറയിൻകീഴ് നിന്ന് തുടങ്ങി മുടപുരം,മുട്ടപ്പലം,മംഗലപുരം,പോത്തൻകോട് വഴി തിരുവനന്തപുരത്തേക്കുള്ള ബസ്,രാത്രി 10ന് ചിറയിൻകീഴ് നിന്ന് ആറ്റിങ്ങൽ വഴി കിളിമാനൂരിൽ പോകുന്ന ബസ്,ചിറയിൻകീഴ് നിന്ന് ചെറുവള്ളിമുക്ക്,ആയുവേദാശുപത്രി,കോരാണി വഴി തിരുവനന്തപുരത്തേക്കുള്ള ബസ് ഇവയാണ് നിറുത്തലാക്കിയ സർവീസുകളിൽ ചിലത്.