photo

നെയ്യാറ്റിൻകര: കാട്ടാക്കട- നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വണ്ടന്നൂർ പാലത്തിന്റെ പണി ഇനിയും എങ്ങുമെത്തിയില്ല. പാലം പണി നീളുന്നതുകാരണം ദുരിതത്തിലാകുന്നത് ഇവിടുത്തെ യാത്രക്കാരാണ്. ചൈതന്യ ഗ്രന്ഥശാലയ്ക്ക് സമീപം റോഡിന് കുറുകെയുള്ള പാലത്തിൽ കഴിഞ്ഞ ഒക്ടോബർ മാസം കുഴി രൂപാന്തരപ്പെടുകയും അതിനെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യംപ്രകാരം ഐ.ബി. സതീഷ് എം.എൽ.എയുടെ ശ്രമഫലമായി പി.ഡബ്യൂ.ഡി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുകയും നവംബർ മാസത്തോടെ പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പണി നിലച്ചു.

 കാൽനട ശരണം

പാലത്തിന്റെ പണി ആരംഭിച്ചപ്പോൾ ഒരു സൈഡിലൂടെ വാഹനം കടത്തിവിട്ടുകൊണ്ട് നിർമ്മാണം നടത്താനായിരുന്നു തീരുമാനം. പണി നടക്കുന്നതിന് ഒപ്പംതന്നെ ഭാരമുള്ള വാഹനം പാലത്തിലൂടെ കയറിയതോടെ റോഡിന്റെ പകുതി ഭാഗവും ഇടിയുകയായിരുന്നു. ഇതോടെ പണി വീണ്ടും നിലച്ചു. പണി നിറുത്തിവച്ചതുകാരണം വണ്ടന്നൂർ മുതൽ മൂലക്കോണം വരെയുള്ള നിവാസികളൂടെ യാത്ര ദുരിതത്തിലാണ്. പാലം തകർന്നതുകാരണം നെയ്യാറ്റിൻകര - കാട്ടാക്കട ഭാഗങ്ങളിൽ പോകുന്ന മുതിർന്നവരും സ്കൂൾ കുട്ടികളും ഉൾപ്പെടെ കാൽനടയായി പോകേണ്ട സ്ഥിതിയാണ്.

 ബോർഡും ഇല്ല

മൂലക്കോണത്ത് വണ്ടന്നൂർ ഭാഗത്തുകൂടെ വാഹനങ്ങൾ കടന്നുപോകില്ലെന്ന ബോർഡ് സ്ഥാപിക്കാത്തതിനാൽ പകലും രാത്രിയിലും നെയ്യാറ്റിൻകര ആശുപത്രിയിലേക്കുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡ് പണി നടക്കുന്ന സ്ഥലം വരെ വന്ന് തിരികെ പോകേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ അതുവഴി കടന്നുപോകുന്നത്.

 മോഷണവും

റോഡ് പണിക്ക് കോൺട്രാക്ടർ സ്ഥലത്തെത്തിച്ചിരുന്ന തട്ടിന്റെ സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതായും ആരോപണമുണ്ട്. റോഡിന് സൈഡിലൂടെ കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പുനഃസ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് പണി നീളുന്നതിന് കാരണമായി പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥർ പറയുന്നത്. നെയ്യാറ്റികര കാട്ടാക്കട ബസുകൾ മേലാരിയോട് വഴിയാണ് പോകുന്നത്. യാത്രക്കാർക്ക് സമയനഷ്ടവും ഉണ്ടാകുന്നു. യാത്രക്കാരുടെ ദുരിതത്തിന് ഉടൻ പരിഹാരം ഉണ്ടാകണം എന്നാണ് പ്രദേശവാസികളുടെയും സ്ഥിരം യാത്രക്കാരുടെയും ആവശ്യം.