ഇന്ത്യ 75-ാം റിപ്പബ്ലിക്ക് ദിനം ഇന്ന് ആഘോഷിക്കുമ്പോൾ അനന്തപുരിക്കും പറയാനുണ്ട് സ്വതന്ത്ര്യത്തിന്റെ വീരകഥകൾ. ജീവൻ നൽകിയും പോരാടിയവരുടെ രക്തസാക്ഷിത്വ കഥകൾ.
കണ്ണമ്മൂലയിലെ ദിവാൻ കുന്ന്
ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയ വേലുത്തമ്പി ദളവ 1809 മാർച്ച് 29ന് അടൂരിനടുത്ത് മണ്ണടിയിൽ വച്ച് ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവന്ന് തലകീഴായി കെട്ടിത്തൂക്കിയത് ദിവാൻകുന്നിലെ ചെറിയ പള്ളിയിലായിരുന്നു (ഇന്നത്തെ കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി).എന്നിട്ടും അരിശം തീരാതെ ആ ശരീരത്തിൽ നിന്ന് തല വെട്ടിയെടുത്തതായും പറയുന്നു.
ചോര മണക്കുന്ന പേട്ട മൈതാനം
1947 ജൂലായ് 13നായിരുന്നു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ അവസാന വെടിവയ്പും രക്തസാക്ഷിത്വവും നടന്നത്. പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിനിടെയാണ് പൊലീസ് ലാത്തിച്ചാർജും തുടർന്ന് പട്ടാളത്തിന്റെ വെടിവയ്പുമുണ്ടായത്.പപ്പുട്ടി,ചെല്ലൻ നാടാർ എന്നിവർ തത്ക്ഷണം മരിച്ചു. വെടിയേറ്റ 14കാരൻ രാജേന്ദ്രൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം സെപ്തംബർ 26ന് മരിച്ചു. വെടിവയ്പിൽ കാലുകൾ നഷ്ടപ്പെട്ട കൊഞ്ചിറവിളാകം വാസുദേവൻപിള്ളയും ഊരൂട്ടമ്പലം എൻ.കൃഷ്ണൻകുട്ടിയും ജീവിക്കുന്ന രക്തസാക്ഷികളായി.
കല്ലറ - പാങ്ങോട് സമരം
ഗാന്ധിജിയുടെ നിസഹകരണ ആശയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ ചുങ്കം നൽകില്ലെന്ന് തീരുമാനിച്ചു. നികുതി പിരിവുകാരെ ആട്ടിപ്പായിച്ചതിന് പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നേതാവായ കൊച്ചാപ്പി പിള്ളയെ പിടികൂടി തല്ലിച്ചതച്ചു. ഇതിൽ പ്രതിഷേധിച്ച് 1938 സെപ്തംബർ 30ന് ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ പട്ടാളം വെടിയുതിർത്തു.പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു. പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന കുറ്റം ചുമത്തി കൊച്ചാപ്പി പിള്ളയെയും പട്ടാളം കൃഷ്ണനെയും പിന്നീട് ഭരണകൂടം തൂക്കിലേറ്റി.
വൈ.എം.സി.എയിലെ ത്രിവർണ ശോഭ
സ്വാതന്ത്ര്യത്തിന് ശേഷം തലസ്ഥാനത്ത് ആദ്യം മൂവർണക്കൊടി പാറിയത് ഇന്നത്തെ വൈ.എം.സി.എയിൽ ആയിരുന്നു. 1947 ആഗസ്റ്റ് 15ന് രാവിലെ 7.30ന് പട്ടം താണുപിള്ളയാണ് പതാക ഉയർത്തിയത്.