cm

 പുതിയ പ്രഖ്യാപനങ്ങളൊന്നും വായിച്ചില്ല

 കുറഞ്ഞ സമയം പുതിയ റെക്കാഡ്

തിരുവനന്തപുരം: വെറും ഒരു മിനിട്ടും 24 സെക്കൻഡും മാത്രം നയപ്രഖ്യാപനം വായിച്ച് നിയമസഭയിൽ സർക്കാരിനെ ഞെട്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടക്ക് വീണ്ടും കടുപ്പിച്ചു. സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളിലേക്കൊന്നും കടന്നില്ല. ബൊക്കെ നൽകി സ്വീകരിച്ച മുഖ്യമന്ത്രിയോടോ, സ്പീക്കറോടെ ഒരക്ഷരം ഉരിയാടിയതുമില്ല. മുഖം വീർപ്പിച്ച് സഭയിൽ വന്നു. അതുപോലെ തിരിച്ചും പോയി.

നയപ്രഖ്യാപന കരട് ഗവർണർ അതേപടി അംഗീകരിച്ചത് മഞ്ഞുരുകലായി കണ്ടിരുന്നു സർക്കാർ. എന്നാൽ, സഭയിലെ നടപടി വലിയ തിരച്ചടിയായി. എങ്കിലും കടുത്ത പ്രതികരണം വേണ്ടെന്നാണ് നിലപാട്.

ചുരുങ്ങിയ സമയത്തിനകം നയപ്രഖ്യാപനം നടത്തിയതിലൂടെ ഗവർണർ സൃഷ്ടിച്ചത് ദേശീയ റെക്കാഡാണ്. ബീഹാർ മുൻ ഗവർണർ ദയാനന്ദോ യശ്വന്തറാവു പാട്ടീൽ അഞ്ച് മിനിട്ടിൽ നയപ്രഖ്യാപനം അവതരിപ്പിച്ച റെക്കാഡാണ് തകർത്തത്. കേരളത്തിൽ 1982 ജനുവരി 29ന് ഗവർണർ ജ്യോതിവെങ്കി‌ടാചലം ആറു മിനിട്ടിൽ നയപ്രഖ്യാപനം വായിച്ചിരുന്നു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഞായറാഴ്ചയാണ് ഗവർണർക്ക് അയച്ചുകൊടുത്തത്. വിശദീകരണം പോലും ചോദിക്കാതെ തൊട്ടടുത്ത ദിവസം ഗവർണർ ഒപ്പിട്ടു. എന്നാൽ, സഭയിൽ ഗവർണർ ആദ്യത്തെയും അവസാനത്തെയും ഖണ്ഡിക മാത്രമാണ് വായിച്ചത്. ഒരു ഖണ്ഡിക മാത്രം വായിച്ചാലും നയപ്രഖ്യാപനം മുഴുവൻ ഗവർണർ വായിച്ചതായി കണക്കാക്കുമെന്നതാണ് സർക്കാരിന് ആശ്വാസം.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർക്കു തൊടേണ്ടി വന്നില്ല. മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിനെക്കുറിച്ചും മിണ്ടിയില്ല. ആമുഖമായി മുഖ്യമന്ത്രിയെയും സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും അംഗങ്ങളെയും അഭിസംബോധന ചെയ്ത ശേഷം നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡിക വായിച്ചു. അതിനുശേഷം അവസാന ഖണ്ഡിക വായിച്ച് നിറുത്തി സഭവിട്ടു. പുറത്ത് കാത്തു നിന്ന മാദ്ധ്യമങ്ങളോടും പ്രതികരിച്ചില്ല.

അവഹേളിച്ചെന്ന് പ്രതിപക്ഷം;

ഉടക്കേണ്ടെന്ന് എൽ.ഡി.എഫ്

 ഗവർണർ സഭയെ അവഹേളിച്ചെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം നയപ്രഖ്യാപനം അവതരിപ്പിക്കപ്പെട്ടില്ലെന്ന് ആരോപിച്ചു. നാടകമെന്നും പറഞ്ഞു. സ്പീക്കർ ആരോപണം തള്ളി

 ഗവർണർ നയപ്രഖ്യാപനം വായിക്കാനൊരുങ്ങുമ്പോൾ പ്രതിപക്ഷ നിരയിൽനിന്ന് എല്ലാം ഒത്തുതീർപ്പാക്കിയോ എന്ന് ചോദ്യമുയർന്നു. ഗവർണർ പ്രതികരിച്ചില്ല
 ഗവർണറുടെ നടപടിയെ വിമർശിക്കേണ്ടെന്ന തന്ത്രപരമായ നിലപാടാണ് പിന്നീട് ചേർന്ന ഇടതുമുന്നണി നിയമസഭാ കക്ഷിയോഗം കൈക്കൊണ്ടത്

 സഭയിൽ നിന്നിറങ്ങിയിട്ടും സർക്കാരിനെതിരെ ഗവർണർ പ്രതികരിച്ചില്ല. പുതിയ സാഹചര്യത്തിൽ രാജ്ഭവനിൽ ഇന്നത്തെ വിരുന്നിൽ മുഖ്യമന്ത്രിയുൾപ്പെടെ പങ്കെടുക്കാനുള്ള സാദ്ധ്യത കുറവ്

കേന്ദ്രത്തെ ആക്രമിക്കാതെ

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും ഡൽഹിയിൽ സമരത്തിനൊരുങ്ങുകയുമാണെങ്കിലും, നയപ്രഖ്യാപനത്തിൽ മൃദു സമീപനം. 135 ഖണ്ഡികകളുള്ള നയപ്രഖ്യാപനത്തിൽ 23 മുതൽ 25വരെ ഖണ്ഡികളിലാണ് കേന്ദ്ര സർക്കാരിന് വിമർശനം. അതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന യുക്തിഭദ്രമായ വാദം.