ബാലരാമപുരം: ബാലരാമപുരം –കാട്ടാക്കട റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരമെന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ. ബാലരാമപുരം –കാട്ടാക്കട റോഡിലെ അപകടക്കുഴികൾ നികന്നെങ്കിലും ടാറിംഗ് ജോലികൾ ഉടൻ പൂർത്തീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. ബാലരാമപുരം –കാട്ടാക്കട റോഡിലെ അപകടക്കുഴികളിൽപ്പെട്ട് ഒരു വർഷത്തിനിടെ വൃദ്ധനുൾപ്പെടെ രണ്ട് പേർ മരിച്ചു. ഇതേത്തുടർന്ന് അപകടക്കുഴികൾ നികത്താൻ നടപടി സ്വീകരിച്ചിരുന്നു. എരുത്താവൂർ തൈപ്പൂയക്കാവടി മഹോത്സവം, റസൽപ്പുരം എസ്.എൻ.ഡി.പി ശാഖാ വാർഷികത്തിന് മുന്നോടിയായി ടാറിംഗ് പൂർത്തിയാക്കുമെന്ന് എം.എൽ.എ നേരത്തെ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ടാറിംഗ് നീണ്ടുപോവുകയായിരുന്നു. ബാലരാമപുരം പഴയരേണു കല്യാണമണ്ഡപം, തണ്ണിക്കുഴി ജംഗ്ഷൻ, റെയിൽ വേ സ്റ്റേഷൻ ജംഗ്ഷൻ, തേമ്പാമുട്ടം വയൽക്കര, ചാനാൽപ്പാലം ജംഗ്ഷൻ, ചപാത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെ അപകടക്കുഴികൾ നികത്തിയത് നാട്ടുകാർക്ക് ആശ്വാസമായിട്ടുണ്ട്.
 ഭീഷണിയായി കുഴികൾ
നിരവധി സ്കൂൾ വാഹനങ്ങളും കെ.എസ്.ആർ.ടി.സി സർവീസും വിഴിഞ്ഞം തുറമുഖവികസനത്തിന്റെ ഭാഗമായി ഭീമൻ ലോറികളും നിത്യേന ഇതുവഴി കടന്നുപോകുന്നുണ്ട്. മഴ വില്ലനായതോടെയാണ് ടാറിംഗ് ജോലികൾ വീണ്ടും തടസപ്പെട്ടത്. തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫെബ്രുവരി –മാർച്ച് മാസങ്ങളിൽ ആഘോഷിക്കുകയാണ്. ഇതിന് മുന്നോടിയായി ടാറിംഗ് പൂർത്തീകരിക്കണമെന്നാണ് ആവശ്യം. റോഡിലെ അപകടക്കുഴികൾ യാത്രക്കാർക്ക് വെല്ലുവിളിയായി ഒരു വർഷത്തോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
 തകർച്ചയിലേക്ക്
അഞ്ച് വർഷം മുമ്പാണ് ബാലരാമപുരം -കാട്ടാക്കട റോഡിന്റെ നവീകരണ ജോലികൾ തുടങ്ങിയത്. കരാറുകാരന്റെ മരണത്തെ തുടർന്ന് റോഡിന്റെ പുനരുദ്ധാരണം വീണ്ടും റീടെൻഡർ വിളിച്ച് നിർമ്മാണജോലികൾ പുതിയ കരാറുകാരന് കൈമാറിയിരുന്നു. എന്നാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ ജോലികൾ ആരംഭിച്ചതോടെ റോഡിന്റെ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലായി. പിന്നീട് ആറ് മാസത്തോളം ടാറിംഗ് ജോലികൾ വീണ്ടും തടസപ്പെട്ടിരുന്നു. ഇരുദിശയിലേക്കും വാഹനം കടന്നുപോകാൻ കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് പൂർണമായും തകർച്ചയുടെ വക്കിലേക്ക് കൂപ്പുകുത്തി.
നിലവിൽ നീറമൺകുഴി വരെയുള്ള ഭാഗത്ത് പണികൾ ഭാഗികമായി നിറുത്തിവച്ചിരിക്കുകയാണ്. കോവളത്ത് എത്തുന്ന വിനോദസഞ്ചാരികൾ നെയ്യാർ ഡാം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന പ്രധാന പാതയാണ് ബാലരാമപുരം –കാട്ടാക്കട റോഡ്. ബാലരാമപുരം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ ജോലികൾ യഥാസമയം പൂർത്തീകരിച്ചതിനാൽ ടാറിംഗിന് മറ്റ് തടസങ്ങളൊന്നും നിലവിലില്ല.