general

ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ സജിലാൽ,​ എസ്.സി.പി.ഒ സന്തോഷ് കുമാർ എന്നിവരെ ആക്രമിച്ച കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം വടക്കേവിള തൈക്കൂട്ടത്ത് വീട്ടിൽ മുഹമ്മദ് അസ്കറിനെയാണ് (23)​ പിടികൂടിയത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് 7ഓടെയാണ് സംഭവം. നമ്പർ പ്ലേറ്റില്ലാത്ത പൾസർ ബൈക്ക് കസ്റ്റഡിയിലെടുക്കവെയാണ് യുവാവും പൊലീസുമായി സംഘർഷമുണ്ടായത്. ബൈക്ക് കസ്റ്റഡിയിലെടുക്കവെ അസ്കർ ഓടിയെത്തി പൊലീസിനെ ചീത്ത വിളിക്കുകയും പിടിച്ചു തള്ളി ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എസ്.പി.പി.ഒ സന്തോഷ് കുമാറിന്റെ 4500 രൂപ വിലയുള്ള കണ്ണട തകർത്തെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിനിരയായ സജിലാലും സന്തോഷ് കുമാറും നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. അസ്കർ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലാണ്.