chennithala

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വാങ്ങിയത് എസ്.എൻ.സി ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണെന്ന ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല. 9.72% എന്ന ഉയർന്ന പലിശയ്ക്ക് പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടൻ ഓഹരി വിപണിയിൽ എത്തുംമുമ്പേ സ്വകാര്യമായി കനേഡിയൻ കമ്പനിക്ക് വിറ്റുവെന്നും അതിന് കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 മെയ് 17നാണ് ലണ്ടൻ ഓഹരി വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മസാല ബോണ്ട് പുറത്തിറക്കിയത്. കുറഞ്ഞ നിരക്കിൽ ബാങ്ക് വായ്പ ലഭ്യമായ സമയത്താണ് കൂടിയ പലിശയ്ക്ക് ബോണ്ടിറക്കി വില്പന നടത്തിയത്. ഉയർന്ന പലിശയ്ക്ക് ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവിന് ലാഭം കൂടുമ്പോൾ അതിന്റെ കമ്മീഷൻ ആർക്കൊക്കെ ലഭിച്ചുവെന്ന കാര്യമാണ് പുറത്തുവരാനുള്ളത്. തോമസ് ഐസക്കിന് ഒന്നും ഒളിക്കാനില്ലെങ്കിൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.