വർക്കല: ഭക്ഷണത്തിൽ ലഹരി ചേർത്ത് വീട്ടുകാർക്കു നൽകി മയക്കിയ ശേഷം വീട്ടുജോലിക്കാരിയുടെ ഒത്താശയോടെ കവർച്ച നടത്തിയ സംഭവത്തിൽ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശി സോഹില,​ഇവരുടെ ബന്ധു അഭിഷേക്,​സുഹൃത്ത് എന്നിവരെയാണ് പിടികൂടാനുള്ളത്. റൂറൽ എസ്.പി കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.

ചൊവ്വാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം. ഇലകമൺ ഹരിഹരപുരം എൽ.പി സ്‌കൂളിന് സമീപം ലൈം വില്ലയിൽ ശ്രീദേവി അമ്മ (74),മരുമകൾ ദീപ,ഹോം നഴ്‌സ് വെഞ്ഞാറമൂട് സ്വദേശി സിന്ധു എന്നിവരെ ചപ്പാത്തിക്കൊപ്പം നൽകിയ കുറുമക്കറിയിൽ ലഹരി ചേർത്ത് നൽകി മയക്കി സോഹിലയാണ് കവർച്ചയ്ക്കുള്ള സാഹചര്യമൊരുക്കിയത്. വീട്ടുകാർ മയക്കത്തിലായതോടെ സോഹില വീടുവിട്ടിറങ്ങി. ഈ സമയം കൂട്ടാളികളും നേപ്പാൾ സ്വദേശികളുമായ ജനാർദ്ദന ഉപാദ്ധ്യായ,രാംകുമാർ എന്നിവർ വീട്ടിലെത്തി കവർച്ച നടത്തുകയായിരുന്നു.

ദീപയുടെ മുറിയിൽ പണവും ആഭരണവുമുണ്ടെന്ന വിവരം സോഹില കൂട്ടാളികൾക്ക് നൽകിയതനുസരിച്ച് വാതിൽ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ചാണ് സംഘം 35,​000 രൂപയും സ്വർണവും കവർന്നത്. ജനാർദ്ദന ഉപാദ്ധ്യായെയും രാംകുമാറിനെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വഴിയരികിൽ ഓട്ടോയുമായി കാത്തുനിന്ന അഭിഷേകിനും സുഹൃത്തിനുമൊപ്പമാണ് സോഹില രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർ സഞ്ചരിച്ച ഓട്ടോ കൊല്ലത്തുനിന്ന് പൊലീസ് കണ്ടെത്തി. സവാരിക്ക് വന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്‌തതിൽ ലഭിച്ചിട്ടില്ല. സോഹിലയും അഭിഷേകുമാണ് കവർച്ച ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം പരവൂരിൽ താമസിക്കുന്ന നേപ്പാളിയായ വിശാൽ മുഖേനയാണ് രാജീവ് കിടപ്പുരോഗിയായ അമ്മ ശ്രീദേവി അമ്മയെ വീട്ടിൽ താമസിച്ച് പരിചരിക്കുന്നതിന് ജോലിക്കാരിയെ കണ്ടെത്തിയത്. ജനുവരി 8ന് ജോലിയിൽ പ്രവേശിച്ച സോഹിലയുടെ തിരിച്ചറിയൽ രേഖകൾ 26ന് അയിരൂർ സ്റ്റേഷനിലെത്തിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെയോടെ അഭിഷേക് വീട്ടിലെത്തി സോഹിലയെ കുറച്ചുദിവസത്തേക്ക് കൊട്ടാരക്കര കൊണ്ടുപോകണമെന്ന ആവശ്യം വീട്ടുകാരോട് പറഞ്ഞു. ഫോണിൽ കാര്യങ്ങൾ പറയാതെ ഇയാൾ നേരിട്ടെത്തിയത് ലഹരി വസ്‌‌തു കൈമാറുന്നതിനും കവർച്ചയുടെ ആസൂത്രണത്തിനുമാണെന്നാണ് പൊലീസിന്റെ നിഗമനം.

വീട്ടിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകളുടെ ഫോറൻസിക് ലാബിലെ പരിശോധനാറിപ്പോർട്ട് വന്ന ശേഷമേ മയക്കാൻ ഉപയോഗിച്ച വസ്‌തു എന്താണെന്ന് അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. എഴുകോൺ,കൊട്ടാരക്കര,​പുത്തൂർ,കൊട്ടിയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തിനകത്തും പുറത്തുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വർക്കല എസ്.എച്ച്.ഒ പ്രവീൺ .ജെ.എസ് പറഞ്ഞു.