നെടുമങ്ങാട്: വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ ഭാഗമായുള്ള കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന് ടെൻഡറായി.വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്.കരകുളം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഫ്ലൈഓവറിന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്റർ അപ്രോച്ച് റോഡും, 375 മീറ്റർ ഫ്ലൈഓവറുമാണ്. 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയുമാണുള്ളത്. 50 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം.ആദ്യ റീച്ചിൽ ഭൂമി വിട്ടുനൽകുന്ന ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകയായി നൽകുന്നത് 117.78 കോടിയാണ്.കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവ‌ൃത്തികളുടെ അവലോകനയോഗം ചേർന്നിരുന്നു. തുടർന്നാണ് റെൻഡറിംഗ് നടപടികൾ വേഗത്തിലായത്. വഴയില മുതൽ പഴകുറ്റി വരെ 9.5 കിലോമീറ്ററും പഴകുറ്റി ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട വഴി പതിനൊന്നാംകല്ല് വരെ 1.740 കിലോമീറ്ററും ഉൾപ്പെടെ 11.24 കിലോമീറ്ററാണ് നാലുവരിപ്പാതയാകുന്നത്. 21 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് 15 മീറ്റർ ടാറിംഗും രണ്ടുമീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേയിസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 614 കോടി രൂപയും റോഡ് ഫ്ലൈഓവർ വർക്കുകൾക്കായി 345 കോടിയും ഉൾപ്പെടെ 960 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു.