ko

കോവളം: വലയിൽ കുരുങ്ങി അവശനിലയിൽ കടലിൽ ഒഴുകി നടന്ന ഒലിവ് റിഡ്‌ലി ആമയെ കണ്ടെത്തി. കോവളത്തെ ഗ്രോവ് ബീച്ചിൽ നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകുന്ന സംഘമാണ് വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുള്ള ആമയെ ഇന്നലെ രാവിലെ കണ്ടെത്തിയത്. ഏതാണ്ട് 25 കിലോ ഭാരം വരുന്ന ആമ താരതമ്യേന പ്രായം കുറഞ്ഞതാണണെന്ന് കരുതുന്നു. കടൽത്തീരത്ത് തടിച്ചുകൂടിയ സഞ്ചാരികൾതന്നെ വലയിൽ നിന്ന് മോചിപ്പിച്ച് ആമയെ കടലിലേക്ക് മടക്കി അയച്ചു. ഒഡിഷയിലെ (ഇന്ത്യ) കേന്ദ്രപാര ജില്ലയിലെ ഗഹിർമാത ബീച്ചാണ് ഈ ആമകളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രം. ഒലിവ് റിഡ്‌ലി കടലാമകൾ എല്ലാ വർഷവും നവംബർ ആദ്യം മുതൽ ഇണചേരാനും കൂടുണ്ടാക്കാനും ദേശാടനം നടത്താറുണ്ട്. കാലാവസ്ഥ വ്യതിയാനവും മറ്റും കാരണത്താലുള്ള കൂട്ടമരണനിരക്കുംമൂലം ഈ കടലാമകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഒലിവ് റിഡ്‌ലി കടലാമയെ ഇന്ത്യൻ വന്യജീവി സംരക്ഷണം നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.