
തിരുവനന്തപുരം : മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് ആത്മകഥയിലൂടെ കെ.എം. മാണി മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എം. മാണി ഫൗണ്ടേഷൻ നിയമസഭയിൽ സംഘടിപ്പിച്ച ആത്മകഥ കെ.എം. മാണി എന്ന പുസ്തകത്തിന്റെ പ്രകാശനം സ്‌പീക്കർ എ.എൻ.ഷംസീറിന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മുന്നണിയിൽ നിന്നുണ്ടായ തിക്തമായ അനുഭവങ്ങളാണ് കെ.എം.മാണി പങ്കുവയ്ക്കുന്നത്. എതിർ മുന്നണിയിൽ നിന്നുപോലും ഉണ്ടാകാത്ത അനുഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. മുന്നണി ബന്ധം, ഘടകകക്ഷികൾ തമ്മിലുള്ള വിശ്വാസം ഇതെല്ലാം തകർന്നാലുണ്ടാകുന്ന ദോഷങ്ങളും ഇതിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ.എം. മാണിയുടെ ആത്മകഥയിൽ ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. വസ്തുതകൾ ഉണ്ടാകുമെങ്കിലും ആരെയും വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നും കെ.എം. മാണി പറഞ്ഞിരുന്നതായും ജോസ് കെ. മാണി എം.പി പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെട്ട നേതാവാണ് മാണിയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. യു.ഡി.എഫിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരുന്നു ചടങ്ങിൽ ക്ഷണമുണ്ടായിരുന്നത്. കെ.എം. മാണിക്ക് സ്വന്തം ജീവിതം ഒരു പുസ്തകത്തിൽ ഒതുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആത്മകഥയുടെ പ്രസാധകരായ മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.