kerala-congress

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കേരളകോൺഗ്രസിന് നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കാതെ കോൺഗ്രസ് നേതൃത്വം. ഇന്നലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇത്തരത്തിൽ ധാരണയായത്.

ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് കണ്ടെത്തി മത്സരിപ്പിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം സീറ്റ് വച്ചു മാറുത്തിനുള്ള സാദ്ധ്യതകൾ ഇപ്പോഴില്ലെന്നും ചർച്ചകൾ തൃപ്തികരമായിരുന്നുവെന്നും കേരളകോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ജോയി ഏബ്രഹാം, പി.സി തോമസ്, ഫ്രാൻസിസ് ജോർജ്ജ് എന്നിവർ കേരള കോൺഗ്രസിൽ നിന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എന്നിവർ കോൺഗ്രസിൽ നിന്നും ചർച്ചയിൽ പങ്കെടുത്തു. ചികിത്സകൾക്കായി അമേരിക്കയിൽ പോയ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ മടങ്ങിയെത്തിയ ശേഷം 29ന് ശേഷം തുടർ ചർച്ചകൾ നടത്തും.

ലീഗുമായി

ചർച്ച 29ന്

29ന് മുസ്ലീം ലീഗ് നേതൃത്വവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും. നിലവിലെ രണ്ട് സീറ്റുകൾക്ക് പുറമേ ഒരു സീറ്റ് കൂടി ചോദിക്കണമെന്ന വികാരം ലീഗിലുണ്ട്. . 30ന് ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്, 31ന് കേരള ഡെമോക്രാറ്റിക് പാർട്ടി, ജെ.എസ്.എസ്, ഫെബ്രുവരി ഒന്നിന് സി.എം.പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ പ്രതിനിധികളുമായും ചർച്ച നടത്തും.