ramkumar

വർക്കല : വൃദ്ധയുൾപ്പെടെ മൂന്ന് സ്ത്രീകളെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകി മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയായ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് 5ന് വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സംഭവം.

വർക്കല ഹരിഹരപുരത്ത് ലൈയിം വില്ലയിൽ കിടപ്പുരോഗിയായ ശ്രീദേവി അമ്മ,​ മരുമകൾ ദീപ,​ ഹോംനഴ്സ് സിന്ധു എന്നിവരെ മയക്കി മോഷണം നടത്തിയ നേപ്പാളി സംഘത്തിലെ രാംകുമാർ (48) ആണ് മരിച്ചത്. ഇന്നലെ കോടതിയിലെത്തിച്ചയുടൻ ഇയാൾ കുഴഞ്ഞുവീണു. മജിസ്ട്രേട്ടിന്റെ നിർദ്ദേശപ്രകാരം ഉടൻ വർക്കല ഗവ. ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതാണ് രാംകുമാറിനെ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് വർക്കല എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ് അറിയിച്ചു. മർദ്ദനമേറ്റിരുന്നോ എന്നുൾപ്പെടെ അന്വേഷിക്കും.

രാംകുമാറിനെയും ഒപ്പം അറസ്റ്റിലായ ജനാർദ്ദന ഉപാദ്ധ്യായെയും വൈദ്യ പരിശോധന നടത്തിയാണ് കോടതിയിൽ ഹാജരാക്കിയത്. ജനാർദ്ദന ഉപാദ്ധ്യായെ കോടതി റിമാൻഡ് ചെയ്തു. കേസിൽ പ്രധാന പ്രതികളായ വീട്ടുജോലിക്കാരി സോഹില,​ അഭിഷേക് എന്നിവർ ഉൾപെട മൂന്നുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കി. റൂറൽ എസ്.പി കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.

ഫോട്ടോ: രാംകുമാർ