cm

തിരുവനന്തപുരം: നാലുവർഷ ബിരുദത്തിലൂടെ ഉന്നത വിദ്യാഭ്യാസ ഘടനയിലും ഉള്ളടക്കത്തിലും പൊളിച്ചെഴുത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയൊരു അക്കാഡമിക് അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 1000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിലെ അറിവ് ആത്യന്തികമാണെന്ന് കരുതുന്നത് വലിയ അബദ്ധമാണ്. ബിരുദം നേടിക്കഴിഞ്ഞാൽ പഠിക്കാൻ ഒന്നുമില്ലെന്ന തോന്നൽ സമൂഹത്തിലുണ്ട്. എന്നാൽ,​ ലോകം കൺചിമ്മുന്ന വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അറിവിനെ നിരന്തരം നവീകരിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണം. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയാണ്. അതുപോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെയും ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏഴുവർഷം കൊണ്ട് 6000 കോടിയാണ് സർക്കാർ ചെലവിട്ടത്. 750 കോടിയുടെ പദ്ധതികൾ കൂടി നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയ്,​ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ,​ അഡിഷണൽ ഡയറക്ടർ ഇൻചാർജ് ജെ.സുനിൽ ജോൺ എന്നിവർ സംസാരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പ്രതിഭാ പുരസ്‌കാരങ്ങൾ.