asha

 മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പ്രതിഭാ പുരസ്കാരം നേടിയ ഭിന്നശേഷിക്കാരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഇന്നലെ ഒരു ലക്ഷം രൂപയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ഭിന്നശേഷിക്കാരിയായ കൊല്ലം എസ്.എൻ കോളേജിലെ എം.കോം രണ്ടാം വർഷ വിദ്യാർത്ഥിനി എ.ആർഷ ബോസ് ഒരു നിവേദനം നൽകി. നാട്ടിലെ ക്ളബ്ബിലെ അംഗത്വവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന അച്ഛൻ ചന്ദ്രബോസിനെ മോചിപ്പിക്കാൻ ഇടപെടണം.

നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ഉറപ്പൊന്നും നൽകിയില്ലെങ്കിലും എത്രയും വേഗം അച്ഛനെ ജയിൽ മോചിതനാക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷ അവൾക്കുണ്ട്. ആ വിശ്വാസത്തിൽ ആർഷ,​ അമ്മ അജന്തകുമാരിക്കും വല്യമ്മയുടെ മകൾക്കുമൊപ്പം കൊല്ലം വടക്കേവിളയിലെ വീട്ടിലേക്ക് മടങ്ങി. അച്ഛനെതിരെയുള്ളത് കള്ളക്കേസാണെന്ന് ആർഷയും അജന്തകുമാരിയും പറഞ്ഞു. ജന്മനാ മസ്‌കുലാർ അട്രോഫി രോഗബാധിതയാണ് ആർഷ. ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ചാത്തന്നൂരിലെത്തിയപ്പോൾ വാഹനം കേടായി. തുടർന്ന് ആംബുലൻസ് വിളിച്ചാണ് തിരുവനന്തപുരത്തെത്തിയത്. വീൽചെയർ മറ്റ് വാഹനത്തിൽ കയറ്റാനാകാത്തതിനാലാണ് ആംബുലൻസ് വിളിച്ചത്.

നാട്ടിലെ ക്ലബ്ബിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് ചന്ദ്രബോസിനെ ജയിലിലെത്തിച്ചത്. തർക്കത്തിനിടെ മറ്റ് അംഗങ്ങൾ റോഡിൽ വച്ച് ചന്ദ്രബോസിനെ മർദ്ദിച്ചു. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ സ്വയരക്ഷയ്ക്കായി തന്റെ കൈയിലുണ്ടായിരുന്ന പിച്ചാത്തി ചന്ദ്രബോസ് ആക്രമിച്ചവർക്ക് നേരെ വീശി. എന്നാൽ, അവർ തടിക്കഷണം കൊണ്ട് ചന്ദ്രബോസിന്റെ തലയ്ക്കടിച്ച് വീഴ്‌ത്തി. പിന്നാലെ അക്രമികൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചന്ദ്രബോസിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തലയ്ക്ക് മുറിവേറ്റ് ഇതേ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ചന്ദ്രബോസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജില്ലാജയിലിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ചന്ദ്രബോസ് ഇതുവരെ പരാതി നൽകിയിട്ടില്ല.ആർഷയെ കോളേജിലേക്കും തിരിച്ചും കൊണ്ടുവരുന്നത് ചന്ദ്രബോസായിരുന്നു. ചന്ദ്രബോസ് ജയിലിലായതോടെ ഒരാഴ്ചയായി ആർഷയുടെ പഠനം മുടങ്ങി. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കാണണമെന്ന ലക്ഷ്യം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ആശ പറഞ്ഞു. ജെ.ആർ.എഫ്, നെറ്റ് യോഗ്യതയുമുള്ള ആശയ്ക്ക് അദ്ധ്യാപികയാവാനാണ് ആഗ്രഹം.