കോവളം: തിരുവല്ലത്ത് ഷഹ്ന ആത്മഹത്യ ചെയ്‌ത കേസിൽ റിമാൻഡിലായ പ്രതികളെ തിരുവല്ലം പൊലിസ് കസ്റ്റഡിയിൽ വാങ്ങി. ഭർത്താവ് നൗഫൽ, മാതാപിതാക്കളായ സുനിത,നജീം എന്നിവരെയാണ് ഇന്നലെ രാവിലെയോടെ കസ്റ്റഡിയിൽ വാങ്ങിയത്. സുനിതയെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടത്തി.
ഇന്ന് ഇവരുടെ കാട്ടാക്കട പെരുകുളം മാർക്കറ്റ് റോഡിലും നൗഫലിനെ തിരുവല്ലം വണ്ടിത്തടത്തെ വസതിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളെ ഒളിവിൽ കഴിയുന്നതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. നിലവിൽ ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനക്കുറ്റം, സംഘടിത കുറ്റകൃത്യത്തിനുമാണ് കേസ് ചുമത്തിയിരിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതികൾ ബാങ്ക് ഇടപാടുകളും നടത്തിയിരുന്നില്ല. മധുര,കോയമ്പത്തൂർ,ബംഗളൂരു എന്നിടങ്ങളിലാണ് പ്രതികൾ ഒളിവിൽ താമസിച്ചത്. തെളിവെടുപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.