തിരുവനന്തപുരം: രാഷ്ട്രീയത്തിനതീതമായി കേരള ജനതയുടെ അംഗീകാരം നേടിയ,​ മലയാളികൾ രാജേട്ടനെന്ന് സ്നേഹപൂർവം വിളിക്കുന്ന ഒ.രാജഗോപാൽ പദ്മഭൂഷൺ നേട്ടത്തിന്റെ നിറവിൽ.

1929 സെപ്‌തംബർ 15ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനനം. കണക്കന്നൂർ എലിമെന്ററി സ്‌കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ തുടർപഠനം. പിന്നീട് ചെന്നൈയിൽ നിന്ന് നിയമബിരുദം നേടിയശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

ദീൻ ദയാൽ ഉപാദ്ധ്യായയിൽ പ്രചോദിതനായ ഒ.രാജഗോപാൽ പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ആരംഭിക്കുന്നത് ജനസംഘപ്രവർത്തകനായാണ്. ഒ.രാജഗോപാലിന്റെ പൊതുജനസമ്മിതി തന്നെയാണ് ബി.ജെ.പിക്ക് ആദ്യമായി കേരള നിയമസഭയിലെത്താൻ അവസരമൊരുക്കിയതിന് കാരണം. ആർ.എസ്.എസിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. 1998ലെ വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായിരുന്നു. നേമം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭാംഗമായത്. ശാന്ത രാജനാണ് ഭാര്യ.വിവേകാനന്ദ്, ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് എന്നിവർ മക്കളാണ്. കവടിയാർ, ജവഹർ നഗർ ഡി.ഒ. സഫൈർ ഫ്ലാറ്റിലാണ് താമസം.

അപേക്ഷ നൽകാതെയും ആവശ്യപ്പെടാതെയും ലഭിച്ച അംഗീകാരം ഇരട്ടിമധുരം നൽകുന്നു. ജനങ്ങളുടെ

മനസ് തിരിച്ചറിയുന്ന കേന്ദ്രസർക്കാർ നൽകിയ അംഗീകാരം ഏറെ സംതൃപ്തിയോടെ സ്വീകരിക്കുന്നു. പൊതുപ്രവർത്തനം പണമുണ്ടാക്കാനുള്ള ഉപാധിയല്ലെന്നും പൊതുജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും പുതുതലമുറയെ ബോദ്ധ്യപ്പെടുത്താൻ ഇത്തരം പുരസ്‌കാരങ്ങൾക്ക് കഴിയും.

ഒ.രാജഗോപാൽ