തിരുവനന്തപുരം: 'എല്ലാം ശ്രീ പദ്മനാഭന്റെ അനുഗ്രഹം..' പുരസ്കാര നിറവിൽ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരീ ലക്ഷ്മി ബായിയുടെ ആദ്യ പ്രതികരണം ഇങ്ങനെ. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിന് പദ്മശ്രീ ലഭിക്കുന്നത്.
'തികച്ചും അപ്രതീക്ഷിതമായിരുന്നു. അളവറ്റ സന്തോഷമുണ്ട്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഡൽഹിയിൽ നിന്ന് പദ്മശ്രീയൂടെ വിവരം വിളിച്ചറിയിച്ചിരുന്നു. സ്വീകരിക്കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമുണ്ടായത്. ശ്രീപദ്മനാഭന്റെ തൃപ്പാദങ്ങളിൽ അംഗീകാരം സമർപ്പിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.
കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ലെഫ്റ്റണന്റ് കേണൽ ഗോദവർമ്മ രാജയുടെയും പുത്രിയായി 1945ലായിരുന്നു ജനനം. വിമെൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതവ്രതമാക്കി. ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനന്തിരവളാണ്. 'തിരുമുൽക്കാഴ്ച' എന്ന ഇംഗ്ലീഷ് കവിതാസമാഹാരമാണ് ആദ്യ കൃതി. ഇംഗ്ലീഷ് ഭാഷ അസാമാന്യമായി വഴങ്ങുന്ന കവിതകളിൽ പദ്മനാഭ സ്വാമി ക്ഷേത്രവും ബാല്യവും നിറസാന്നിദ്ധ്യമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും തന്റെ പുസ്‌തകങ്ങളിലൂടെ ലഭിക്കുന്ന വരുമാനം സാധാരണക്കാർക്കായി നീക്കിവച്ചു.