തിരുവനന്തപുരം: നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷനായ ഗുരു മുനി നാരായണ പ്രസാദിന്റെ പദ്മശ്രീ നേട്ടം ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണത്തിന് ലഭിച്ച അംഗീകാരമാണ്. വേദ ഉപനിഷത്തുക്കൾ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദർശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചുമാണ് അദ്ദേഹം പ്രശസ്‌തനായത്.
വിദേശ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന കേന്ദ്രം വർക്കല ശിവഗിരി മഠത്തിനടുത്ത് ശ്രീനിവാസപുരത്താണ്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം നിരന്തരം സഞ്ചരിക്കുന്നുണ്ട്.
1938ൽ നഗരൂരിൽ ജനിച്ച ഗുരു മുനി നാരായണപ്രസാദ് 1970ൽ പി.ഡബ്ലു.ഡിയിലെ എൻജിനിയർ ജോലി രാജിവച്ചാണ് സന്യാസപ്രവർത്തനത്തിൽ മുഴുകുന്നത്. വർക്കലയിലെ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം,കേനം,കഠം,പ്രശ്‌നം,മുണ്ഡകം,തൈത്തിരീയം,ഐതരേയം എന്നീ ഉപനിഷത്തുകൾക്കും ഭഗവത്ഗീതയ്‌ക്കും ശ്രീനാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം,നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുനൂറോളം കൃതികൾ പ്രസിദ്ധീകരിച്ചു.
2015ൽ കേരള സാഹിത്യ അക്കാഡമിയുടെ വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 2018ൽ കേരള സാഹിത്യ അക്കാഡമിയുടെ ആത്മകഥയ്‌ക്കുള്ള പുരസ്‌കാരം 'ആത്മായനം' എന്ന കഥയ്‌ക്ക് ലഭിച്ചു.