
കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. ജി.ഐ.എസ് അധിഷ്‌ഠിതമായ നീർത്തട പരിപാലന കർമ്മ പദ്ധതിയുടെ ആരംഭതല ഉദ്ഘാടനം, മെൻസ്ട്രൽ കപ്പ് വിതരണം,സോഴ്‌സ് ലെവൽ സെഗ്രിഗേഷൻ ബിൻ വിതരണം, ഹരിതകർമ്മ സേനാഗംങ്ങൾക്ക് പുഷ്‌കാർട്ട്, സ്‌കൂൾ ആരോഗ്യസേനയ്ക്ക് പഠനോപകരണ വിതരണം എന്നീ പദ്ധതികൾ സംസ്ഥാനത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു സ്വാഗതവും കരവാരം പഞ്ചായത്ത് സെക്രട്ടറി ബേബി സരോജം നന്ദിയും പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഹരിത കർമ്മ സേനയുടെ ലോഗോ പ്രദർശനവും, ദുരന്തനിവാരണ പദ്ധതിയുടെ പഞ്ചായത്ത് തല ഡയറക്ടറി പ്രകാശനവും നടന്നു.