
തിരുവനന്തപുരം: സി.പി.എമ്മിന്റെ എതിർ മുന്നണിയിൽ നിൽക്കാൻ സി.എം.പി നിർബന്ധിതരാവുകയായിരുന്നുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. സി.എം.പി രൂപീകരിച്ചപ്പോൾ ഏറ്റവും എതിർപ്പ് നേരിട്ടത് സി.പി.എമ്മിൽ നിന്നായിരുന്നു. വലിയ അക്രമങ്ങൾ നേരിട്ടു. അങ്ങനെയാണ് എതിർ മുന്നണിയിലെത്തിയത്. കൊച്ചിയിൽ ഇന്നാരംഭിക്കുന്ന സി.എം.പി പതിനൊന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ' കേരളകൗമുദി"യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
?പാർട്ടിയുടെ പേരിൽ കമ്മ്യൂണിസമുണ്ട് എന്നിട്ടും ഇടതുപക്ഷത്തല്ല
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒറ്റയ്ക്ക് നിന്ന് തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്നില്ല. 1962ൽ 10 ശതമാനം വോട്ട് നേടിയ പാർട്ടിയായിരുന്നു സി.പി.ഐ. ഇപ്പോൾ പല ഗ്രൂപ്പുകളായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറി. ഏറ്റവും അവസാനം രൂപപ്പെട്ട പാർട്ടിയാണ് സി.എം.പി. രാജ്യത്താകെ ബി.ജെ.പിയെ നേരിടാൻ കഴിയുന്നത് കോൺ്രഗസിനാണ്. കോൺഗ്രസിനെ തൊട്ടുവെന്ന് പറഞ്ഞ് ഞങ്ങളെ ആക്രമിച്ചവർ ഇന്ന് കോൺഗ്രസിനൊപ്പമാണ്.
?യു.ഡി.എഫിൽ ഉറച്ചു നിൽക്കുമോ
തീർച്ചയായും. സി.എം.പിയുടെ പ്രകൃതിദത്തമായ ചോയിസ് യു.ഡി.എഫാണ്.
?കോൺഗ്രസ് പ്രതിസന്ധിയിലല്ലേ. നേതാക്കൾ തമ്മിൽ പോരല്ലേ
കേരളത്തിലെ കോൺഗ്രസിൽ നിലവിൽ അങ്ങനെയൊരു വൈരുദ്ധ്യമില്ല. മുമ്പും ഗ്രൂപ്പുകളുണ്ട്. പല അഭിപ്രായങ്ങളുണ്ട്. എന്നാൽ യു.ഡി.എഫിനെ ബാധിക്കുന്ന തരത്തിലോ എതിരാളികൾക്ക് പ്രയോജനമുണ്ടാകുന്ന തരത്തിലോ പോരില്ല.
?പാർട്ടി കോൺഗ്രസിൽ എന്താണ് ചർച്ച ചെയ്യുക
പൊതുമണ്ഡലത്തിൽ നിന്ന് ജനങ്ങളുടെ യാഥാർത്ഥ പ്രശ്നം അപ്രത്യക്ഷമായി. ചരിത്രവും പുരാണവുമൊക്കെ പോസീറ്റീവായി ഉപയോഗിക്കണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ചരിത്രാതീത സംഭവങ്ങളിലേക്ക് വലിച്ചിഴച്ച് വിഭജനം സൃഷ്ടിക്കുകയെന്ന തന്ത്രത്തെ തള്ളിക്കളയണം. സി.എം.പിയുടെ പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസമാകാമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പാർട്ടിയംഗങ്ങളായ വിശ്വാസികൾ മറ്റ് മതവിശ്വാസങ്ങളെ ഇകഴ്ത്തരുത് എന്നതാണ് പാർട്ടി നയം.
?ഇന്ത്യ മുന്നണി പ്രതിസന്ധിയിലല്ലേ
നീതിഷ് കുമാറിനെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വാർത്തകൾ മുന്നണിക്ക് തിരിച്ചടിയാണ്. നിതീഷിന്റെ നിലപാട് ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നറിയില്ല. കേരളത്തിലെ പ്രധാന മുന്നണികൾ രണ്ടും ഇന്ത്യ മുന്നണിക്കൊപ്പമാണ്. ആരു ജയിച്ചാലും മുന്നണിക്കാണ് വിജയം. ഈ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലില്ല.
?സി.പി.എമ്മിൽ നിന്നിരുന്നെങ്കിൽ രാഷ്ട്രീയഭാവി വലുതാകുമായിരുന്നുവെന്ന് കരുതിയിട്ടില്ലേ. ജയമുറപ്പുള്ള ഒരു സീറ്റ് ഇതുവരെ യു.ഡി.എഫ് തന്നില്ലല്ലോ?
അങ്ങനെ ചിന്തിച്ചിട്ടില്ല. സി.പി.എമ്മിൽ നിന്ന് വിട്ട് സി.എം.പി രൂപീകരിച്ചിട്ട് 40 വർഷത്തോളമാവുന്നു. സി.എം.പി ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായി. സി.എം.പിക്ക് ഏറ്റവും നല്ല സീറ്റ് കിട്ടിയപ്പോൾ തോൽക്കുകയാണ് ചെയ്തത്. യു.ഡി.എഫ് ശക്തിപ്പെടണം. രൂപീകരിക്കപ്പെട്ടതു മുതൽ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പമാണ്. അവരെ യു.ഡി.എഫിൽ എത്തിക്കണം. മാണിഗ്രൂപ്പ് എൽ.ഡി.എഫിൽ നിൽക്കുന്നത് യു.ഡി.എഫിനെ നേരിട്ടും ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ നിൽക്കുന്നത് മുന്നണിയെ പരോക്ഷമായും ബാധിക്കുന്നുണ്ട്.