
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയമായ പരീക്ഷ പേ ചർച്ച ഇതിനകം അർത്ഥവത്തായ സംവാദമായി മാറിയിട്ടുണ്ട്. പരീക്ഷയെ ആരോഗ്യകരമായി സ്വാഗതം ചെയ്യാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന ഈ സംവാദം ആരംഭിച്ചത് 2018-ലാണ്. സംവാദത്തിന്റെ ഏഴാം പതിപ്പ് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പ്രധാനമന്ത്രിയുമായി സംവദിക്കും. പരീക്ഷാപ്പേടി അകറ്റുക മാത്രമല്ല, പരീക്ഷയെ എങ്ങനെ അനുകൂലമായി കണക്കിലെടുക്കാം എന്നതും, കുട്ടികളുടെ സമ്മർദ്ദത്തെയും മാനസിക പിരിമുറുക്കത്തെയും ആരോഗ്യകരമായി എങ്ങനെ നേരിടാമെന്നതും പരീക്ഷ പേ ചർച്ചയുടെ ലക്ഷ്യങ്ങളാണ്.
‘പരീക്ഷ പേ ചർച്ച’ ജനകീയമാകാൻ പല കാരണങ്ങളുണ്ട്. വിദ്യാഭ്യാസത്തിൽ കുട്ടികൾ കാര്യങ്ങൾ ഗ്രഹിക്കുന്നത് യാന്ത്രികമായ പഠനംകൊണ്ടു മാത്രമല്ല. പഠിച്ച കാര്യങ്ങൾ പരീക്ഷയ്ക്ക് എഴുതാനും ഉത്തരങ്ങളിൽ പ്രതിഫലിപ്പിക്കാനും ഓർമ്മശക്തികൊണ്ടു മാത്രം പറ്റില്ല. കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാനും, ആർജ്ജിച്ച അറിവ് പ്രായോഗികമായി മനസ്സിലാക്കി നടപ്പാക്കാനും കഴിയണം. ശാസ്ത്ര വിഷയങ്ങളിൽ മാത്രമല്ല, സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും മാനവിക വിഷയങ്ങളിലും പ്രായോഗികത പ്രധാനമാണ്.
പരമ്പരാഗത വിദ്യാഭ്യാസത്തിലെ പരീക്ഷാ സംവിധാനത്തിൽ ഇന്ന് കാലികമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായത്തിൽ വർഷാവസാനമുള്ള പരീക്ഷ ഉന്നത വിദ്യാഭ്യാസരംഗത്ത് ഏതാണ്ട് പൂർണമായും മാറിക്കഴിഞ്ഞു. കുട്ടികളുടെ പാഠ്യേതര കഴിവുകൾ കൂടി മൂല്യനിർണയത്തിൽ കണക്കിലെടുക്കുന്നു. നൈപുണ്യ വികസനത്തിനും പ്രാധാന്യമേറി. എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇത്തരം പരിഷ്‌കാരങ്ങൾ വേണ്ട വിധത്തിൽ എത്തിയിട്ടില്ല.
പരീക്ഷാപ്പേടി
എന്തുകൊണ്ട്?
കുട്ടികളെ പരീക്ഷാഭയത്തിലേക്ക് തള്ളിവിടുന്നത് അവരെക്കുറിച്ച് രക്ഷകർത്താക്കൾക്കുള്ള അമിത ആഗ്രഹങ്ങളും, മറ്റു കുട്ടികളുമായി സ്വന്തം കുഞ്ഞുങ്ങളെ താരതമ്യം ചെയ്യുന്ന ശീലവുമാണ്. ഇത് കുട്ടികൾക്കിടയിൽ അനാരോഗ്യകരമായ മത്സരത്തിനു കാരണമാകുന്നു. സ്‌കൂൾ മാനേജ്‌മെന്റ്, സ്ഥാപനത്തിന്റെ വളർച്ചയ്ക്കു വേണ്ടി അദ്ധ്യാപകരിൽ സമ്മർദ്ദം ചെലുത്തുന്നതനുസരിച്ച് സ്‌കൂളുകളിലെ പഠനരീതി വലിയ രീതിയിൽ മാറിയിട്ടുണ്ട്. ഇത് പലപ്പോഴും കുട്ടികൾക്ക് പഠനം സ്വദിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കുന്നു.
സ്വകാര്യ സ്‌കൂളുകൾ തമ്മിലുള്ള മത്സരം എത്രത്തോളമാണെന്ന് കേരളത്തിലുള്ള നമുക്ക് വളരെ വേഗം മനസ്സിലാക്കാനാവും. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആത്മഹത്യയ്ക്കു വരെ ഇത് കാരണമായിട്ടുണ്ട്. അമിതഫീസ് ഈടാക്കുന്നതിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവസര സമത്വം വിദ്യാഭ്യാസരംഗത്ത് നിർബന്ധമായും നടപ്പിലാക്കണം. ഈ സങ്കീർണ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരശ്രമമെന്ന നിലയിൽ പരീക്ഷാ ചർച്ച ഉപകരിക്കും. കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിശ്വാസം നൽകുന്നതിനും അത് ഉപകരിക്കും.
മാറേണ്ടുന്ന
മനോഭാവം
പരീക്ഷയെന്നത് പഠനത്തിന്റെ അവസാന അധ്യായമല്ലെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം. ആത്മവിശ്വാസവും നൈപുണ്യവുമുണ്ടെങ്കിൽ ഒരു പരാജയം നേരിട്ടാൽപ്പോലും ഒന്നും അവസാനിക്കില്ല. അതുകൊണ്ട് കുട്ടികളെ കഠിനമായി ശിക്ഷിക്കുന്ന സാഹചര്യം അദ്ധ്യാപകരും രക്ഷിതാക്കളും ഒഴിവാക്കണം. വ്യക്തിത്വ വികസനവും ആത്മവിശ്വാസവും കുട്ടികളിലെത്തിക്കാനുള്ള നിരന്തര ശ്രമമാണ് വേണ്ടത്. സ്‌കൂളുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരങ്ങൾ അവസാനിപ്പിക്കുകയും വേണം. മാർക്കിംഗ് സമ്പ്രദായത്തിനു പകരം ഗ്രേഡിംഗ് വന്നത് നല്ല കാര്യമാണ്. അതുപോലെ, കുട്ടികളുടെ പാഠ്യേതര കഴിവുകൾ വർദ്ധിപ്പിക്കണം. പ്രായോഗിക പഠനവും പ്രോജക്ടുകളും പഠന- വിനോദ യാത്രയുമെല്ലാം പരീക്ഷാപ്പേടി അകറ്റാൻ സഹായിക്കും. കുടുംബം പോലെ സ്‌കൂൾ അന്തരീക്ഷവും കുട്ടികൾക്ക് സന്തോഷവും സുരക്ഷിതത്വവും നൽകുന്നതായി മാറണം.
(സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കേരള മുൻ വൈസ് ചാൻസലർ ആണ് ലേഖകൻ)