f

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗവും റിപ്പബ്ളിക് ദിനത്തിലെ രാജ്‌‌ഭവൻ ചായസൽക്കാരവും ഗവർണറും മന്ത്രിസഭയും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന പോര് കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഉന്നത പദവികൾ അലങ്കരിക്കുന്നവർക്കിടയിലെ ഇമ്മാതിരി കാലുഷ്യവും അത് ഏറ്റുപിടിച്ചുകൊണ്ടുള്ള ഇരു ഭാഗക്കാരുടെയും വാഗ്വാദങ്ങളുമാണ് വാർത്താമാദ്ധ്യമങ്ങളിലെ ചൂടൻ വിഭവങ്ങൾ. എന്നാൽ കണ്ടുകണ്ട് കാണികൾക്ക് വല്ലാതെ മടുത്തുകഴിഞ്ഞ ഈ പോരിന് ഇനിയെങ്കിലും ഒരു അന്ത്യമായെങ്കിലെന്ന് ആഗ്രഹിക്കാത്തവർ നന്നേ കുറവാകും.

പുതുവർഷത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണം നിയമസഭാ സമ്മേളനം തുടങ്ങാനെന്നത് ഭരണഘടനാ വ്യവസ്ഥയാണ്. സർക്കാരുമായി മല്ലടിച്ചുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇത്തവണ എന്തു വെടിയാണ് പൊട്ടിക്കാൻ പോകുന്നതെന്ന ആകാംക്ഷയിലായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു ഗവർണറുടെ നടപടി. രണ്ടോ അതിനപ്പുറമോ മണിക്കൂറെടുത്ത് വായിച്ചു തീർക്കേണ്ട നയപ്രഖ്യാപന പ്രസംഗം,​ അവസാന ഖണ്ഡിക മാത്രം വായിച്ച് മംഗളം പാടി അദ്ദേഹം സഭയിൽ നിന്ന് മടങ്ങുകയാണു ചെയ്തത്. ഏറ്റവും കുറഞ്ഞ സമയത്തിൽ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കിയ ഗവർണർ എന്ന റെക്കാഡും അദ്ദേഹത്തിന്റെ പേരിലായി.

മുമ്പും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നില്ല. ഗവർണർ നയപ്രഖ്യാപന പുസ്തകത്തിലെ മുഴുവൻ പേജും വായിക്കണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്തതിനാൽ ആരിഫ് മുഹമ്മദ് ഖാന്റെ 84 സെക്കന്റ് നീണ്ട നയപ്രഖാപനത്തെ ആർക്കും കുറ്റപ്പെടുത്താനാവില്ല. ഗവർണർ ഭരണഘടന ലംഘിച്ചുവെന്നും സഭയെ അവഹേളിച്ചുവെന്നും മറ്റും പ്രതിപക്ഷത്തുള്ള ചിലർ കുണ്ഠിതപ്പെട്ടു കണ്ടു. നയപ്രഖ്യാപന പ്രസംഗമെന്ന അതീവ വിരസമായ പഴയ ചരിത്രമുഹൂർത്തങ്ങൾ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ലാത്തവരാണ് അവർ. ഏതായാലും കഴിഞ്ഞ കുറെ നാളുകളായി തെരുവുകളിൽ തനിക്കെതിരെ ഭരണകക്ഷിക്കാരും അവരുടെ യുവജന വിഭാഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത അവഹേളനങ്ങൾക്കുള്ള മറുപടിയായിട്ടുവേണം ഗവർണറുടെ ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തെ കാണാൻ. തന്നെ സംസ്ഥാനത്തിന്റെ ശത്രുവായി കാണുന്ന ഒരു സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മറ്റൊരു വിധത്തിലാകണമെന്ന് എങ്ങനെ പറയാനാകും?​

നിയമസഭയിൽ സർക്കാരിനെ ഇളിഭ്യരാക്കിയ ഗവർണറുടെ നടപടിക്കു ബദലായി അദ്ദേഹത്തിന്റെ റിപ്പബ്ളിക് ദിന ചായസൽക്കാരം ബഹിഷ്കരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പകരം വീട്ടിയത്. ഈ സൽക്കാരം നടത്തുന്നതിന് പൊതുഖജനാവിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതും സർക്കാർ തന്നെയാണ്. അഗതി പെൻഷനും ചികിത്സാ സഹായവും ഉൾപ്പെടെ അനവധി കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോഴാണ് ഇതെന്നും ഓർക്കണം. ഇവിടെ മാത്രമല്ല,​ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളിലും ഗവർണർ - സർക്കാർ പോര് അതിന്റെ മൂർദ്ധന്യത്തിലാണ്. പരമോന്നത കോടതി ഇടപെടൽ പോലും ഇക്കാര്യത്തിൽ ഉണ്ടായി. ഭരണത്തലവനെന്ന പദവി അലങ്കരിക്കുന്ന ഗവർണറും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ സൗഹൃദത്തോടും പരസ്പര വിശ്വാസത്തോടും കൂടി വർത്തിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയിൽ അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്കും അത് അനിവാര്യവുമാണ്. വിട്ടുവീഴ്ചകൾക്ക് ഇരുകൂട്ടരും മുന്നോട്ടുവന്നാൽ മാത്രമേ അതു സാദ്ധ്യമാവൂ. അത്തരത്തിലൊരു ഹൃദയവിശാലതയാണ് ഇരുകൂട്ടരിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. വെടിനിറുത്താനുള്ള സമയമായിരിക്കുകയാണ്.