
ചെന്നൈ: വിവാദമുണ്ടാക്കാനും പരസ്പരം മത്സരിക്കാനുമില്ലെന്ന് സൂപ്പർ സ്റ്റാർ രജനികാന്തും 'ദളപതി' വിജയ്യും വ്യക്തമാക്കിയതോടെ ഇരുവരുടേയും ആരാധകർ തമ്മിലുണ്ടായിരുന്ന പോരിന് ശമനം. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും പുതിയ പോർമുഖം തുറക്കാനുള്ള അവസ്ഥയും നിലനിൽക്കുകയാണ്.'ജയ്ലർ' സിനിമിയുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ കാക്കയുടേയും പരുന്തിന്റേയും കഥയാണ് വിവാദമായി കത്തിപ്പടർന്നത്. കഥയിലെ കാക്ക വിജയ്യും പരുന്ത് രജനിയുമാണെന്ന തരത്തിൽ വ്യാഖ്യാനങ്ങളുണ്ടായി. സമൂഹ മാദ്ധ്യമ വ്യാഖ്യാനങ്ങളെല്ലാം 'ലാൽ സലാം' സിനിമയുടെ ഓഡിയോ ലോഞ്ചിൽ തള്ളിയ രജനികാന്ത് താൻ വിജയ്യുമായി മത്സരത്തിലാണെന്ന പ്രചാരണം വേദനിപ്പിക്കുന്നെന്നും പറഞ്ഞു.
''വ്യാഖ്യാനങ്ങളിൽ അതിയായ സങ്കടമുണ്ട്. വിജയ് എന്റെ കൺമുന്നിൽ വളർന്ന കുട്ടിയാണ്. 'ധർമ്മത്തിൻ തലൈവൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് വിജയ്ക്ക് 13 വയസ്സായിരുന്നു. അവൻ താഴെ നിന്ന് എന്നെ നോക്കുന്നത് ഞാൻ ഓർമ്മിക്കുന്നു.
ചിത്രീകരണം കഴിഞ്ഞ ഉടൻ ചന്ദ്രശേഖർ (വിജയുടെ പിതാവ്) അവനെ എന്റെ അടുത്തേക്ക് കൊണ്ടുവന്നു. വിജയ്ക്ക് അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. നന്നായി പഠിക്കണമെന്നാണ് ഞാൻ അവനോടു പറഞ്ഞത്. എന്നിട്ട് അഭിനയ രംഗത്തെത്താൻ ഉപദേശിച്ചു.
നടനായി വിജയ് വളർന്നത് സ്വന്തം കഠിനാദ്ധ്വാനം കൊണ്ടാണ്. വൈകാതെ അദ്ദേഹം രാഷട്രീയത്തിലേക്ക് ഇറങ്ങും. വിജയ്യും ഞാനും മത്സരിക്കുന്നു എന്ന് പറയുന്നതിൽ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ഞാൻ എന്നും വിജയ്യുടെ അഭ്യുദയകാംക്ഷിയാണ്'' രജനികാന്ത് പറഞ്ഞു.
രജനികാന്ത് പറഞ്ഞ കഥ
പക്ഷികളുടെ കൂട്ടത്തിൽ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അങ്ങനെയല്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. അപ്പോൾ പരുന്ത് അതിനോട് പ്രതികരിക്കാതെ കൂടുതൽ ഉയരത്തിൽ പറക്കും. കാക്കയ്ക്ക് ആ ഉയരത്തിലേയ്ക്ക് എത്താൻ കഴിയില്ല. ഞാൻ ഇത് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ വരും. കുരയ്ക്കാത്ത നായകളും കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും ഇല്ലാത്ത ഒരിടം നമ്മുടെ നാട്ടിലില്ല. നമ്മൾ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണം.
സൂപ്പർസ്റ്റാർ ഒരാൾ മാത്രം
ലിയോ സിനിമ വിജയമായതോടെ വിജയ്യെ സൂപ്പർസ്റ്റാറായി ഉയർത്തികാട്ടി. ആരാധകർ മാത്രമല്ല അഭിനേതാക്കൾ തമ്മിലും അഭിപ്രായ വ്യത്യാസമുണ്ടായി. ആ വിവാദം അവസാനിപ്പിച്ചത് വിജയ് തന്നെയായിരുന്നു. നവംബർ ഒന്നിന് നടന്ന 'ലിയോ'യുടെ വിജയാഘോഷത്തിൽ വച്ച് സൂപ്പർസ്റ്റാർ ഒരാൾ മാത്രമാണെന്ന് രജനിയുടെ പേര് പറയാതെ വിജയ് വ്യക്തമാക്കി.
'പുരട്ചി തലൈവർ' ഒരാൾ മാത്രമാണ്, 'നടികർ തിലകം' ഒരാൾ മാത്രമാണ്, 'പുരട്ചി കലൈഞ്ജർ ക്യാപ്റ്റൻ' ഒരാൾ മാത്രമാണ്, 'ഉലകനായകൻ' ഒരാൾ മാത്രമാണ്, 'സൂപ്പർ സ്റ്റാർ' ഒരാൾ മാത്രമാണ്, അതുപോലെ 'തല' എന്നാലും ഒരാൾ മാത്രമാണ്. ചക്രവർത്തിയുടെ കീഴിലാണ് ദളപതിയുടെ സ്ഥാനം. ചക്രവർത്തി പറയും, ദളപതി(സൈന്യാധിപൻ) ചെയ്യും. എന്നെ സംബന്ധിച്ച് ജനങ്ങളാണ് ചക്രവർത്തി, ഞാൻ നിങ്ങളുടെ കീഴെയുള്ള ദളപതിയും', വിജയ് പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലെ വിഷലിപ്തമായ ഫാൻ ഫൈറ്റുകളിൽ നിന്ന് മാറിനിൽക്കാൻ ആരാധകരോട് താരം ആവശ്യപ്പെടുകയും ചെയ്തു.