lokabank-sangam

ആറ്റിങ്ങൽ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ലോകബാങ്ക് പരിസ്ഥിതി സംഘം ആറ്റിങ്ങൽ നഗരസഭയുടെ വൈൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ്, എം.സി.എഫ് എന്നിവ സന്ദർശിച്ചു. സൗത്ത് ഏഷ്യ സീനിയർ ഒ.എച്ച്.എസ് കോ ഓർഡിനേറ്റർ നാടാസ വോട്മ, ഇന്ത്യ സേഫ് ഗാർഡ് കോ ഒാർഡിനേറ്റർ നേഹ വ്യാസ്,സീനിയർ പരിസ്ഥിതി കൺസൾട്ടന്റ് ദീപാ ബാലകൃഷ്ണൻ എന്നിവരാണ് ആറ്റിങ്ങലിലെത്തിയത്. മാലിന്യ സംസ്കരണ രംഗത്തെ പുരോഗതി നേരിൽ കാണാനും പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് സംഘമെത്തിയത്. നഗരത്തിലെ ജൈവ,അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നഗരസഭ ജീവനക്കാർ പരിസ്ഥിതി സംഘത്തിന് വിവരിച്ചു നൽകി. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻ സിറ്റി മാനേജർ എം.ആർ. രാംകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ,ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഡെപ്യൂട്ടി കോർഡിനേറ്റർ അതുൽ സുന്ദർ, എൻജിനിയർ ആതിര, കെ.എസ്.ഡബ്ല്യു. എം. പി ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻട്രസ്റ്റ് ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെ വരുന്ന അഞ്ചുവർഷത്തേക്ക് 6.3 കോടിയുടെ പദ്ധതിയാണ് നഗരസഭയിൽ നടപ്പാക്കുന്നത്. അടുത്തവർഷം 2.3 കോടി രൂപയുടെ പ്രവർത്തനം നടത്താനാകും. മാലിന്യ പ്ലാന്റ് കെട്ടിട നവീകരണം,ഹരിത കർമ്മ സേനയ്ക്ക് സുരക്ഷാഉപകരണം, ആധുനിക മാലിന്യ യന്ത്ര-ഗതാഗത സംവിധാനങ്ങൾ, എം.സി.എഫ് നവീകരണം എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്.