
തിരുവനന്തപുരം: അരിവില വർദ്ധനയിൽ പ്രതിഷേധിച്ച് നാളെ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ ഒഴിഞ്ഞ കലവുമായി നിയമസഭയിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ രണ്ടാം ഘട്ടമായി ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാവേലി സ്റ്റോറുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് മഹിള കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വില വർദ്ധിപ്പിക്കില്ലെന്നും ഗുണമേൻമയുള്ള സാധനങ്ങൾ വിതരണം ചെയ്യുമെന്നുമുള്ള എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം അവർ തന്നെ ലംഘിക്കുകയാണ്. സർക്കാർ അടിയന്തരമായി ആയിരം കോടി രൂപയെങ്കിലും സപ്ലൈകോയ്ക്ക് നൽകണം.
കൊല്ലത്തെ എ.പി.പി അനീഷ്യയുടെ മരണത്തിൽ സഖാക്കളായ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പീഡനക്കേസിൽ പ്രതിയായ എറണാകുളത്തെ ഗവൺമെന്റ് പ്ളീഡറുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. അതേ സമീപനമാണ് കൊല്ലത്തും തുടരുന്നത്.
ജാതി അധിക്ഷേപം: സംവിധായകൻ
അനീഷ് അൻവറിനെതിരെ കേസ്
കൊച്ചി: യൂ ട്യൂബർ ഉണ്ണി വ്ലോഗിനെ (ടി.എൻ. ഉണ്ണിക്കൃഷ്ണൻ) ജാതിപരമായി അധിക്ഷേപിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് സംവിധായകൻ അനീഷ് അൻവറിനെതിരെ എളമക്കര പൊലീസ് കേസെടുത്തു. അനീഷ് സംവിധാനം ചെയ്ത 'രാസ്ത" എന്ന സിനിമയെക്കുറിച്ച് ഉണ്ണി യൂട്യൂബ് ചാനലിലൂടെ അഭിപ്രായം പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ അനീഷ് അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് ഉണ്ണി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് ഉണ്ണി നൽകിയ ഹർജിയിൽ ആലുവ മജിസ്ട്രേട്ട് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ബി.എസ്.എൻ.എൽ ലാൻഡ്
ലൈൻ ഫൈബറിലേക്ക്
തിരുവനന്തപുരം: ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ സേവനങ്ങൾ ഫൈബർ സാങ്കേതിക വിദ്യയിലേക്ക് മാറുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ സാധാരണക്കാരിൽ എത്തിക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണിത്. ഗ്രാമപ്രദേശങ്ങളിൽ 249 രൂപ മുതലും നഗരപ്രദേശങ്ങളിൽ 299 രൂപ മുതലും പ്ളാനുകൾ ലഭ്യമാണ്. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ഉൾപ്പെടെ 399 രൂപ മുതൽ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. നിലവിൽ ലാൻഡ് ഫോൺ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ വഴി വൈഫൈ ഡാറ്റാ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇത് പ്രയോജനപ്പെടും. ഇപ്പോൾ ഫൈബർ കണക്ഷനിലേക്ക് മാറുന്നവർക്ക് ഫൈബർ മോഡം, ഇൻസ്റ്റാലെഷൻ ചാർജുകൾ എന്നിവ സൗജന്യമാണ്.