
വക്കം: കടയ്ക്കാവൂർ ഭാഗത്തു നിന്നു കൊല്ലമ്പുഴ പാലത്തിലേക്ക് അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്തുണ്ടായിരുന്ന പാഴ്ച്ചെടികളും പുല്ലുകളും നീക്കം ചെയ്തു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. കൊല്ലമ്പുഴ പാലം വളവിലെ സുരക്ഷാവേലിയെ പോലും മറച്ചുകൊണ്ടാണ് പാഴ്ച്ചെടികളും പുല്ലുകളും വളർന്ന് കാടുമൂടിക്കിടന്നിരുന്നത്. ഈ പ്രദേശത്ത് മാലിന്യം ഉൾപ്പെടെ വലിച്ചെറിയുന്നതും പതിവായിരുന്നു. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത് നാൾക്കുനാൾ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതിനും ഇടയാക്കിയിരുന്നു. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിലൂടെ നടന്നുപോകുന്നവരെയും ഇരുചക്രവാഹനക്കാരെയും പിന്തുടർന്ന് ഉപദ്രവിക്കാറുമുണ്ട്. അപ്രതീക്ഷിതമായി പൊന്തക്കാടുകളിൽ നിന്ന് റോഡിലേക്ക് ചാടുന്ന നായ്ക്കൾ പ്രധാനമായും ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയായിരുന്നു. ആറ്റിങ്ങൽ, കടയ്ക്കാവൂർ അതിർത്തി പങ്കിടുന്ന പ്രദേശത്ത് കടയ്ക്കാവൂർ പഞ്ചായത്തിൽ വരുന്ന പ്രദേശത്തായിരുന്നു കൂടുതലും മാലിന്യങ്ങൾ വലിച്ചെറിയുന്നത്. മിൽക്കോ കഴിഞ്ഞ് 500 മീറ്ററോളം വരുന്ന വളവിലായിരുന്നു പ്രധാന പ്രശ്നം. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തവിധം കാഴ്ച മറച്ചായിരുന്നു സുരക്ഷാവേലിയെപ്പോലും മറച്ചുകൊണ്ട് ചെടികൾ പടർന്നു കയറിയത്. തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും സൂചനാ ബോർഡുകളില്ലാത്തതും രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് വഴിവച്ചിരുന്നു. കടയ്ക്കാവൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഷീബയുടെ നേതൃത്വത്തിലാണ് ഈ പ്രദേശത്തെ മറഞ്ഞുനിന്ന പാഴ്ച്ചെടികളും പുല്ലുകളും വെട്ടി വൃത്തിയാക്കി മാലിന്യം നീക്കം ചെയ്തത്. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാനും സൂചനാ ബോർഡ്, ട്രാഫിക് മിറർ എന്നിവ സ്ഥാപിക്കുന്നതിനും സി.സി ടിവി ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും ആലോചനയുണ്ടെന്ന് മെമ്പർ ഷീബ പറഞ്ഞു.