വർക്കല: മോഷണക്കേസിലെ പ്രതി നേപ്പാൾ സ്വദേശി രാംകുമാർ കോടതിയിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. വൃദ്ധയുൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് ഭക്ഷണത്തിൽ ലഹരി ചേർത്തുനൽകി മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രാംകുമാർ കുഴഞ്ഞുവീണത്. മജിസ്ട്രേട്ടിന്റെ നിർദ്ദേശപ്രകാരം വർക്കല ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മജിസ്ട്രേട്ട്,ആർ.ഡി.ഒ,റൂറൽ എ.എസ്.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
ദേഹത്ത് ക്ഷതമോ മറ്റ് പരിക്കുകളോ ഇല്ലെന്നാണ് കണ്ടെത്തൽ. അടിവയറ്റിൽ നീർക്കെട്ടുള്ളതായും നേരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിട്ടുണ്ടെന്നും, ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. വർക്കല ഹരിഹരപുരം ലൈംവില്ലയിൽ കിടപ്പുരോഗിയായ ശ്രീദേവി അമ്മ,മരുമകൾ ദീപ,ഹോംനഴ്സ് സിന്ധു എന്നിവരെ മയക്കിക്കിടത്തിയാണ് നേപ്പാളി സംഘം മോഷണം നടത്തിയത്.
ഇയാൾക്കൊപ്പം അറസ്റ്റിലായ ജനാർദ്ദന ഉപാദ്ധ്യായയെ റിമാൻഡ് ചെയ്‌തു. കേസിലെ പ്രധാന പ്രതികളായ വീട്ടുജോലിക്കാരി സോഹില,അഭിഷേക് എന്നിവർ ഉൾപ്പെടെ മൂന്നുപേർക്കായി തെരച്ചിൽ ഊർജിതമാക്കി. റൂറൽ എസ്.പി കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.