
തിരുവനന്തപുരം: 'മകളുടെ കല്യാണമായിരുന്നു. തിരക്കുകൾ കഴിഞ്ഞോട്ടെ. നിഖിലിനെ കാണാൻ വരും...' അങ്ങേത്തലയ്ക്കൽ
നടൻ സുരേഷ് ഗോപിയുടെ ശബ്ദം കേട്ടപ്പോൾ നിഖിലിന്റെ അമ്മ ഷീബയ്ക്ക് വിശ്വസിക്കാനായില്ല. ഓട്ടിസമുള്ള 16കാരൻ അനുജൻ അപ്പുവിന്റെയും പാർക്കിൻസൻസ് ബാധിച്ച അമ്മ ഷീബയുടെയും മുഴുവൻ കാര്യങ്ങളും നോക്കുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി നിഖിലിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത കണ്ട് നിരവധി പ്രമുഖർ കുടുംബത്തെ വിളിച്ചു. സുരേഷ് ഗോപി വിളിച്ചപ്പോൾ നിഖിൽ സ്കൂളിലായിരുന്നു. സംസാരിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെങ്കിലും പ്രിയ താരത്തെ വൈകാതെ നേരിൽ കാണാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് നിഖിൽ.
ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്കൂൾ മാനേജ്മെന്റും നിഖിലിനെ ആദരിച്ചു. മാർത്തോമ ചർച്ച് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിഖിലിനെ തലയിൽ കൈവച്ച് ആശിർവദിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ കുട്ടികൾ അടിമപ്പെടുന്ന കാലത്ത് ഉത്തരവാദിത്വങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്ന നിഖിലിനെപ്പോലുള്ളവർ സമൂഹത്തിന് മാതൃകയാണെന്നും ജീവിതത്തോട് മല്ലടിക്കുമ്പോഴും ആ മുഖം പ്രതീക്ഷാ നിർഭരമാണെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെ കാണാനായി മാത്രം തിരുവല്ലയിൽ നിന്ന് എത്തിയ അദ്ദേഹം തുടർപഠനത്തിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ലാപ്ടോപ്പും സമ്മാനിച്ചു. നിഖിൽ കേശവദാസപുരത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. അതിനാൽ, ചർച്ചിന്റെ ഹൗസിംഗ് പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മാർത്തോമ ചർച്ച് എഡുക്കേഷണൽ സൊസൈറ്റി സെക്രട്ടറി മാത്യു ജോർജ്, ട്രഷറർ ചെറിയാൻ വർഗീസ്, പ്രിൻസിപ്പൽ ഡോ.ലിസു വർഗീസ് എന്നിവർ പങ്കെടുത്തു.
സ്നേഹത്തിന് നന്ദി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലയ്ക്കാത്ത ഫോൺ കോളുകളാണ് നിഖിലിനെ തേടിയെത്തിയത്. മറ്റ് മാദ്ധ്യമങ്ങളിൽ നിന്ന് കോൾ വരുമ്പോഴും വാർത്ത മുഖ്യധാരയിലെത്തിച്ച കേരളകൗമുദിക്കാണ് ആദ്യ നന്ദിയെന്ന് അമ്മ ഷീബ പറഞ്ഞു. രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ.ബിജു രമേശും പഠനസഹായം വാഗ്ദാനം ചെയ്തു. മാർച്ച് 26ന് ബോർഡ് പരീക്ഷ തീർന്നിട്ട് ഷെഫ് സുരേഷ്പിള്ള നിഖിലിനെ ഷെഫ് കോഴ്സ് പഠിക്കാൻ സഹായിക്കും.