
വെള്ളറട: ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സൗജന്യ ചികിത്സാ സഹായവുമായി കാരക്കോണം മെഡിക്കൽ കോളേജ്. പാറശാല നിയോജക മണ്ഡലത്തിലുള്ള ഒമ്പത് ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യനിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
പദ്ധതി രേഖ കുന്നത്തുകാൽ ഗവ.കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വിനോജിന് കൈമാറി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ഡയറ്കടർ ഡോ.ബെനറ്റ് എബ്രഹാം പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എം.വിജയകുമാർ സ്വാഗതവും നഴ്സിംഗ് കോളേജ് അദ്ധ്യാപിക റാണി നന്ദിയും പറഞ്ഞു. കുന്നത്തുകാൽ,കൊല്ലയിൽ,അമ്പൂരി,വെള്ളറട,പാറശാല.,കള്ളിക്കാട്,ഒറ്റശേഖരമംഗലം,പെരുങ്കടവിള പഞ്ചായത്തുകളിലെ ഭിന്നശേഷി സ്‌കൂളുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ആനുകൂല്യം ഫെബ്രുവരി 1 മുതൽ 2025 മാർച്ച് 31വരെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഒ.പി,ഐ.പി വിഭാഗങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ്,ബെഡ് ഫീസ്,നഴ്സസ് ഫീസ് ഇവ സൗജന്യവും ലാബ് പരിശോധനകൾക്ക് 50 ശതമാനവും നൽകിയാൽ മതിയെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെനറ്റ് എബ്രഹാം പറഞ്ഞു.