m-v-govindhan

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ നിലവിട്ട പെരുമാറ്റമാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കീഴ്‌വഴക്കത്തിൽ നിന്ന് വ്യത്യസ്തമായി സാങ്കേതികമായ രീതിയിലാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയായിരുന്നു അത്.

നയപ്രഖ്യാപനത്തിൽ വിമർശനാത്മക, ക്രിയാത്മക നിലപാടുകളും ഉൾച്ചേർത്തിട്ടുണ്ട്. കേന്ദ്രത്തിനെതിരായ വിമർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവർണർ വായിച്ച ഭാഗത്തെ വിമർശനാത്മകമായ നിലപാട് ആർക്കും മനസിലാവുന്നതാണ്. ആരുമായും ഒത്തുതീർപ്പിന് ശ്രമമില്ല.

ഡൽഹിയിൽ സമരമല്ല, സമ്മേളനം മാത്രമാണെന്നത് അടിസ്ഥാനമില്ലാത്ത വാർത്തയാണ്. സമരത്തെ അഭിവാദ്യം ചെയ്ത് വിവിധ മേഖലകളിലെ ആളുകൾ അവിടെ പങ്കെടുക്കും. കേരളത്തിലെ പ്രതിപക്ഷം കേന്ദ്രം എടുക്കുന്ന നിലപാടുകൾക്കെതിരായ സമരങ്ങളിൽ വരാൻ തയ്യാറല്ല. ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ സുപ്രീംകോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തുന്ന ഇടപെടൽ രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കു ശേഷം ഏഴ് സംസ്ഥാനങ്ങളിൽ കലാപങ്ങളും അതിനുള്ള ശ്രമങ്ങളും നടന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുകയാണ്.