
ആറ്റിങ്ങൽ: കടവിള -കട്ടപറമ്പ് പി.എം.ജി.എസ്.വൈ റോഡ് ആദ്യ റീച്ചിന്റെ പണി ഫെബ്രുവരി 15 നകം പൂർത്തിയാക്കുമെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു. പണി നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുടങ്ങിക്കിടന്ന റോഡിന്റെ പണി പൂർത്തീകരിക്കുവാൻ എം.പി വിളിച്ചുചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും റസിഡൻസ് ഭാരവാഹികളുടെയും നാട്ടുകാരുടെയും യോഗത്തിലാണ് ഉടൻ പണികൾ പൂർത്തിയാക്കാൻ തീരുമാനമായത്. പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ ഉയർന്ന പരാതി പരിഹരിക്കുന്നതിന് വേണ്ടിയാണ് എം.പി യോഗം വിളിച്ചുചേർത്തത്. എം.പി വിളിച്ച് ചേർത്ത ചർച്ചയിൽ ഈ റോഡിന്റെ ആദ്യ റീച് ഫെബ്രുവരി 15 നകം പൂർത്തിയാക്കാമെന്നും രണ്ടാമത്തെ റീച്ച് പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നത് അനുസരിച്ച് പ്രവർത്തികൾ പൂർത്തിയാക്കാമെന്നും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് കരാറുകാരൻ എം.പിയ്ക്ക് ഉറപ്പു നൽകി. ഇനി കാലതാമസം വരാതെ എത്രയും പെട്ടെന്ന് റോഡിന്റെ പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി എം.പി അഭിപ്രായപ്പെട്ടു.