p

തിരുവനന്തപുരം: വിവരാവകാശ അപേക്ഷകളിൽ സാങ്കേതികമായ മറുപടിയല്ല, ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വിവരാവകാശ കമ്മിഷൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവരാവകാശ അപേക്ഷകൾക്ക് പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണ് നിയമം. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30ാം ദിവസമേ മറുപടി നൽകൂ എന്ന് പലരും വാശിപിടിക്കുന്നത് ആശാസ്യമല്ല. വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണ്. വിവരാവകാശ അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാകും.

വിവരാവകാശ ഓഫീസർമാർതന്നെ അപേക്ഷകൾ കുറ്റമറ്റ നിലയിൽ കൈകാര്യംചെയ്താൽ അപ്പീലുകളും കേസുകളുമുണ്ടാകില്ല. സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഉൾപ്പെടെ ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനുമാകും. ആറു വർഷംവരെ പഴക്കമുള്ള ആയിരക്കണക്കിനു ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അതുകൊണ്ട് അപേക്ഷകർക്ക് പ്രയോജനമുണ്ടാകില്ല.

ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യപ്രഭാഷണം നടത്തി.

'പുതിയ ആളെ

വേഗത്തിൽ

നിയമിക്കണം'

മുഖ്യവിവരാവകാശ കമ്മീഷണറായ തന്റെ കാലാവധി അടുത്തമാസം 29ന് കഴിയുമെന്നും പുതിയ ആളെ വേഗത്തിൽ നിയമിക്കാൻ നടപടിയുണ്ടാകണമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡോ.വിശ്വാസ് മേത്ത മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. മൂന്ന് അംഗങ്ങളുടെ ഒഴിവുണ്ട്. അതും നികത്തണം. കെട്ടിക്കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ ഇത് അനിവാര്യമാണ്.