
വക്കം: അഞ്ചുതെങ്ങിലെ ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യ വ്യാപനത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്തണമെന്ന് പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹകസമിതിയംഗവുമായ എൻ.ജഗജീവൻ പറഞ്ഞു. ആറ്റിങ്ങൽ മേഖലാ വാർഷികം കായിക്കര ആശാൻ സ്മാരകത്തിൽ വച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, പരിഷത്ത് മേഖലാ പ്രസിഡന്റ് ആർ.സുധീർ രാജ്, സെക്രട്ടറി ബിനു തങ്കച്ചി എന്നിവർ സംസാരിച്ചു. മാലിന്യമുക്ത പഞ്ചായത്തുകൾ എന്ന വിഷയത്തിൽ പരിശീലന ക്ലാസും വീടുകളിൽ ശാസ്ത്രീയമായി മാലിന്യ നിർമ്മാർജ്ജനം നടത്താനായി പരിഷത്തംഗങ്ങൾ പ്രചാരണ ഗൃഹ സന്ദർശനവും നടത്തി. സമാപന സമ്മേളനത്തിൽ പ്രസിഡന്റ് ആർ.സുധീർ രാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു തങ്കച്ചി സംഘടനാ റിപ്പോർട്ടും ട്രഷറർ എം.ഷൗക്കി വരവ്ചെലവ് കണക്കും ജില്ലാകമ്മിറ്റിയംഗം ജിനുകുമാർ സംഘടനാ രേഖയും അവതരിപ്പിച്ചു. ഡോ.ബിനു കിഴുവിലം,സുനിൽകുമാർ,ഷാൻ ഷാക്കിർ എന്നിവർ പങ്കെടുത്തു. ആർ.സുധീർ രാജ്,എം. ഷൗക്കി, പ്രേമ സുനിൽകുമാർ,ബി.എസ്. സജിതൻ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.