തിരുവനന്തപുരം: 'എണീക്ക് മോനേ,പപ്പ വിളിക്കുവല്ലേ,മതി ഉറങ്ങിയത്...' വെള്ളായണിക്കായലിൽ മുങ്ങിത്താഴ്ന്ന ഫെർഡിനാൻ ഫ്രാൻസിസിന്റെ (19) ചേതനയറ്റ ശരീരം വെട്ടുകാട് തൈവിളാകം വീട്ടിലെത്തിച്ചപ്പോൾ അമ്മ മേരി സുമ ഫ്രാൻസിസിന്റെ നിലവിളി എല്ലാവരെയും കണ്ണീരണിയിച്ചു.

ഉച്ചയ്‌ക്ക് 12ഓടെയാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. അച്ഛൻ ഫ്രാൻസിസിന് 30 വർഷത്തോളമായി ദുബായിൽ അലുമിനിയം ഫാബ്രിക്കേഷന്റെ ജോലിയാണ്. മകന്റെ മരണവിവരമറിഞ്ഞ് അദ്ദേഹം ഇന്നലെ നാട്ടിലെത്തി. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ രണ്ടാംവർഷ ബി.ബി.എ വിദ്യാർത്ഥിയായ ഫെർഡിനാന് ഉപരിപഠനം ചെയ്‌ത് സ്വന്തം കാലിൽ നിൽക്കാനായിരുന്നു മോഹം. കെൻ എന്നാണ് വിളിപ്പേര്. അപകടമറിഞ്ഞപ്പോഴും 'കെൻ കുട്ടനാവില്ല മരിച്ചതെന്ന്..' ബന്ധുക്കൾ വിശ്വസിച്ചു. അനുജന്മാരായ ഫെറോളാസ്(ഒമ്പതാംക്ലാസ് വിദ്യാർത്ഥി),ഫ്രെഡോളിൻ(നാലാംക്ലാസ് വിദ്യാർത്ഥി) എന്നിവരും വല്യേട്ടന്റെ മരണത്തിന് മുന്നിൽ പകച്ചുനിന്നു.

പ്ലസ്ടു വരെ പട്ടം സെന്റ് മേരീസിലായിരുന്നു പഠനം. കോളേജിലെത്തിയ ശേഷമാണ് കൂട്ടുകാരുമൊത്ത് കറങ്ങുന്നത് പതിവാക്കിയത്. കനകക്കുന്നിൽ പോകുകയാണെന്നു പറഞ്ഞാണ് 26ന് രാവിലെ 10ന് വീട്ടിൽ നിന്നിറങ്ങിയത്. അവന്റെ യമഹ ആർ.എക്‌സ് ബൈക്ക് പഞ്ചറായതിനാൽ യാത്രയ്‌ക്ക് പോകേണ്ടെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും സുഹൃത്തുക്കളുടെ ബൈക്കിൽ പോകുകയായിരുന്നു. വൈകിട്ട് 4ഓടെ അമ്മ ഫോൺ വിളിച്ചപ്പോൾ വിഴിഞ്ഞം പൊലീസായിരുന്നു എടുത്തത്. മകന് ചെറിയൊരു അപകടം പറ്റിയെന്ന് മാത്രമേ പറഞ്ഞുള്ളൂ. ടി.വിയിലൂടെ മരണവിവരമറിഞ്ഞ് ബന്ധുക്കൾ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ചെളിയിൽ പുതഞ്ഞ ശരീരമാണ് കാണുന്നത്. ഇന്നലെ ഫെർഡിനാന്റെ മുത്തച്ഛൻ മരിച്ച് മുപ്പത് ദിവസമായതിന്റെ ചടങ്ങുമായിരുന്നു.

ഒന്നുമറിയാതെ ടോമി

ഫെർഡിനാന്റെ പ്രിയ നായ ടോമി വെള്ളിയാഴ്ച മുതൽ ഉഷാറില്ലാതെ കിടപ്പാണ്. അവന്റെ വേർപാട് ടോമിയെയും ബാധിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ആഹാരം കഴിച്ചിട്ടില്ല. ലാബ് ഇനത്തിൽ പെട്ട ടോമിയെ നോക്കുന്നതും കുളിപ്പിക്കുന്നതും ഫെർഡിനാനായിരുന്നു.