
#യാത്രകളിലെ ക്രമസമാധാനം പൊലീസിനുതന്നെ
# കേസെടുക്കാൻ സി.ആർ.പി.എഫിന് അധികാരമില്ല
തിരുവനന്തപുരം/കൊല്ലം: നിലമേലിൽ എസ്. എഫ്.ഐ ഇന്നലെ നടത്തിയ കരിങ്കൊടി സമരത്തിന് പിന്നാലെ കേന്ദ്ര ഇടപെടലിൽ സ്വന്തം സുരക്ഷയ്ക്ക് ഗവർണർ സി.ആർ.പി.എഫിനെ ലഭ്യമാക്കിയതോടെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ പാരമ്യതയിലെത്തി.
എങ്കിലും ഗവർണറുടെ യാത്രകളിൽ തുടർന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് പൊലീസ് തന്നെയാണ്. സി.ആർ.പി.എഫിന് കേസെടുക്കാനോ അന്വേഷണത്തിനോ അധികാരമില്ല. സമരത്തിൽ നിന്ന് എസ്. എഫ്. ഐ പിൻമാറാതിരിക്കുകയും മുഖ്യമന്ത്രി ഗവർണറെ തള്ളിപ്പറയുകയും ചെയ്തതോടെ ഏറ്റുമുട്ടലിന് പുതിയൊരു മുഖം കൈവന്നു.
ഇസഡ്-പ്ലസ് കാറ്റഗറിയിലാണ്സുരക്ഷ. പരിപാടികളും യാത്രകളും യന്ത്രത്തോക്കേന്തിയ കേന്ദ്രസേനയുടെ കാലവിലായിരിക്കും. രാജ് ഭവൻ ഗേറ്റിൽ പൊലീസ് തുടരും. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെത്തന്നെ സുരക്ഷ ഏറ്റെടുത്തു. ഗവർണറുടെ ഡിഫൻസ് എ.ഡി.സിയായ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർ അനുജ് ശർമ്മയ്ക്കായിരിക്കും സുരക്ഷാ ഏകോപനം. ഗവർണറുടെ സുരക്ഷയ്ക്ക് കേന്ദ്രസേന വരുമെന്ന് നേരത്തേ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
അസി.കമൻഡാന്റ് റഷീദിന്റെ നേതൃത്വത്തിൽ 56 പൊലീസുകാരെയാണ് നിയോഗിച്ചത്. രാജ്ഭവനുള്ളിലടക്കം ഒരു ഷിഫ്റ്റിൽ 120 സി.ആർ.പി.എഫുകാരുണ്ടാവും. 1975മുതൽ 10 വർഷത്തിലേറെ രാജ്ഭവൻ സുരക്ഷ സി.ആർ.പി.എഫിനായിരുന്നു.
തിരുവനന്തപുരത്ത് മൂന്നിടത്ത് എസ്.എഫ്.ഐ ഗവർണറെ നടുറോഡിൽ തടഞ്ഞിരുന്നു. കാർ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കി. അന്നും അദ്ദേഹം നടുറോഡിലിറങ്ങി ക്ഷോഭിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു. പശ്ചിമ ബംഗാളിൽ ഗവർണർ ആനന്ദബാേസിന് സി.ആർ.പി.എഫ് സുരക്ഷയാണ്.
സി.ആർ.പി.എഫ് ക്ളീയറൻസ് വേണം,
യാത്രാ റൂട്ട് ഐ.ബി നിശ്ചയിക്കും
1.ഗവർണറുടെ പരിപാടികൾക്ക് സി.ആർ.പി.എഫിന്റെ സെക്യൂരിറ്റി ക്ലിയറൻസ് വേണ്ടിവരും. അവർ പരിശോധിച്ച് അനുമതി നൽകിയാലേ ഗവർണർക്ക് പോകാനാവൂ. വിവാദവ്യക്തികൾ സംഘാടകരാവുന്നിടത്തും പോകാനാവില്ല.
2. യാത്രയിൽ 41 സി.ആർ.പി.എഫുകാർ ചുറ്റിലുമുണ്ടാവും. ഡ്രൈവർ സി.ആർ.പി.എഫിന്റെതാവും. 2പൈലറ്റ്, രണ്ട് കമാൻഡോ വാഹനങ്ങൾ, ദ്രുതപരിശോധനാ സംഘം, സ്ട്രൈക്കർ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡുകൾ, 2എസ്കോർട്ട്, സ്പെയർകാർ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിങ്ങനെയാവും വാഹനവ്യൂഹം.
3. റൂട്ട് സുരക്ഷിതമാണെന്ന് പരിശോധന നടത്തി തീരുമാനിക്കേണ്ടത് സി.ആർ.പി.എഫും ഐ.ബിയും. പരിപാടികളിലും യാത്രകളിലും ജനം 200മീറ്റർ അകലെയായിരിക്കും. വാഹനവ്യൂഹം പോവുന്ന റോഡിലേക്കുള്ള ചെറുവഴികളടക്കം അടയ്ക്കും. ഇരുവശത്തും പൊലീസുണ്ടാവും. യോഗസ്ഥലം 2 മണിക്കൂർ മുൻപ് സി.ആർ.പി.എഫ് നിയന്ത്രണത്തിലാക്കും.
50 ലക്ഷം
സുരക്ഷയൊരുക്കാൻ മാസം 50ലക്ഷം ചെലവുണ്ട്. പൂർണമായി കേന്ദ്രംവഹിക്കും. 772 കോടി വി.ഐ.പി സുരക്ഷയ്ക്ക് പ്രതിവർഷം സി.ആർ.പി.എഫിന് നൽകുന്നുണ്ട്.
നിലമേലിലെ റോഡിൽ
രണ്ടു മണിക്കൂർ
കൊട്ടാരക്കര സദാനന്ദപുരത്തെ അവധൂത ആശ്രമത്തിൽ സ്വാമി സദാനന്ദയുടെ സമാധി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു ഗവർണർ
10.40ന് ഗവർണറുടെ വാഹനം കണ്ട് പ്രതിഷേധക്കാർ ബാനർ ഉയർത്തി കരിങ്കൊടി കാട്ടി ഗോ ബാക്ക് വിളിച്ചു. ഗവർണർ സമരക്കാരുടെ മുന്നിലേക്ക്.
 കടയിലെ കസേരയെടുത്ത് റോഡരുകിൽ ഇരിപ്പായി. പൊലീസിനെ ശകാരിക്കുന്നു.
 രണ്ടുമണിക്കൂറോളം കഴിഞ്ഞ് 17 പേരെ പ്രതിയാക്കിയുള്ള എഫ്.ഐ.ആർ പൊലീസ് കാണിച്ചശേഷമാണ് പ്രതിഷേധം മതിയാക്കിയത്. സമയം. 12.40
കേരളം സി.ആർ.പി.എഫ്
നേരിട്ട് ഭരിക്കുമോ:മുഖ്യമന്ത്രി
സി.ആർ.പി.എഫ് സുരക്ഷയൊരുക്കുന്നതിന് മുമ്പ് കേന്ദ്രത്തിൽ നിന്നുള്ള അന്വേഷണമൊന്നും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സി.ആർ.പി.എഫ് വന്നതുകൊണ്ട് എന്താണ് പ്രത്യേകമേന്മ എന്ന് അറിയില്ല. കേരളം സി.ആർ.പി.എഫ് നേരിട്ട് ഭരിക്കുമോ. 
സി.ആർ.പി.എഫിന് നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാൻ പറ്റുമോ. ഗവർണറുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇതുവരെ ഇവിടെയുണ്ടായിട്ടുണ്ടോ. നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകളില്ലേ ഏത് അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. അതു മനസിലാക്കാൻ സാധിക്കണം. അതിന് വിവേകം, പക്വത എന്നിവയുണ്ടാകണം. ഇതെല്ലാം സ്കൂളിൽനിന്നു പഠിക്കേണ്ടതല്ല, സ്വയം അനുഭവത്തിലൂടെ ആർജിക്കേണ്ടവയാണ്.
ആരോഗ്യപരമായ ഒരു പ്രശ്നവുമില്ലെന്നാണ് ഗവർണർ പറയുന്നത്. ആരോഗ്യമെന്ന് പറയുന്നത് ശാരീരിക ആരോഗ്യം മാത്രമല്ലല്ലോ, അതെല്ലാം പരിശോധിക്കുന്നത് നല്ലതായിരിക്കും. പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാൻ അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ
നിയമനടപടികൾ ഞാൻ പറയുന്നതുപോലെ സ്വീകരിക്കണം എന്നുപറഞ്ഞ് ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്.ഐ.ആറിനു വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ
(പത്രസമ്മേളനത്തിൽ പറഞ്ഞത്)
` പൊലീസ് സാന്നിദ്ധ്യത്തിലാണ് പ്രതിഷേധക്കാർ വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രി പോകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ. പൊലീസിന്റെ ഒത്താശയിലാണ് ഗുണ്ടകൾ അഴിഞ്ഞാടുന്നത്'
- നിലമേലിൽ ഗവർണറുടെ പ്രതികരണം