aiswar

ചെന്നൈ: രജനികാന്തിനെ സംഘിയെന്ന് വിളിക്കരുതെന്ന് മകൾ ഐശ്വര്യ രജനികാന്ത്. രജനികാന്ത് അഭിനയിക്കുന്ന 'ലാൽസലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മകളും സംവിധായികയുമായ ഐശ്വര്യ. ഒരു സംഘിയായിരുന്നെങ്കിൽ ലാൽസലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു.

ഞാൻ സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാൽ എന്റെ ടീം എല്ലാം അറിയിക്കാറുണ്ട്. ഈയിടെയായി ആളുകൾ അദ്ദേഹത്തെ കുറിച്ച് 'സംഘി' എന്ന വാക്കാണ് പറയുന്നത്. അത് എന്നെ വേദനിപ്പിക്കുന്നു. സൂപ്പർസ്​റ്റാർ രജനികാന്ത് ഒരു സംഘിയല്ല. ഒരുപാട് മനുഷ്യത്വമുള്ള ഒരാൾ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു- ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽസലാം ഫെബ്രുവരി 9നാണ് റിലീസ് ചെയ്യുന്നത്. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് പിന്നാലെ രജനികാന്തിനെതിരെ 'സംഘി'പ്രയോഗം വർദ്ധിച്ചിരുന്നു.

വിശ്വാസത്തിന്റെ ഭാഗമായാണ് അയോദ്ധ്യയിലെത്തിയതെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമാണ് രജനികാന്ത് പ്രതികരിച്ചത്.

എല്ലാവർഷവും അയോദ്ധ്യ സന്ദർശിക്കും. ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അത് നമ്മുടെ അഭിപ്രായമായി യോജിക്കണം എന്നില്ല. തന്നെ സംബന്ധിച്ച് രാമക്ഷേത്രമെന്നത് വിശ്വാസം മാത്രമാണ്. രാഷ്ട്രീയമല്ല- അദ്ദേഹം പറഞ്ഞു.