തിരുവനന്തപുരം: കളിയും ചിരിയും നിറഞ്ഞ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിൽ ഫെർഡിനാൻ ഫ്രാൻസിസും മുകുന്ദൻ ഉണ്ണിയും എൽ.ലിബിനോയും ഇനിയില്ലെന്ന ഞെട്ടലിലാണ് സഹപാഠികൾ.
ബുധനാഴ്ച കോളേജിൽ വച്ചായിരുന്നു ഇവർ വെള്ളായണിയിലേക്കുള്ള യാത്രയ്‌ക്ക് പ്ലാനിട്ടത്. ഇന്നലെ 11ഓടെ മുകുന്ദൻ ഉണ്ണിയുടെയും ലിബിനോയുടെയും മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വച്ചു. വീടും കോളേജുമായി ദൂരമുള്ളതിനാൽ ഫെർഡിനാന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് നേരെ വീട്ടിലെത്തിക്കുകയായിരുന്നു. ഇരുവർക്കും സഹപാഠികൾ അന്ത്യചുംബനം നൽകി. മരിച്ച മൂന്നുപേരും ബി.ബി.എ രണ്ടാംവർഷ വിദ്യാർത്ഥികളാണ്. ഒപ്പമുണ്ടായിരുന്ന സഹപാഠി പൊഴിയൂർ സ്വദേശി സൂരജ് ഉൾപ്പെടെ നാൽവർ സംഘത്തെ കോളേജിൽ എല്ലാവർക്കും അറിയാം. എപ്പോഴും ഉത്സാഹത്തോടെ ബൈക്കിൽ ചുറ്റിക്കറങ്ങും. പഠിക്കാനും മോശമല്ല.
തോമസ് ചെപ്പില,വികാത് പ്രൊവിൻഷ്യൽ സെബാസ്റ്റ്യൻ അട്ടിച്ചിറ,ക്രൈസ്റ്റ് നഗർ സൊസൈറ്റി പ്രിൻസിപ്പൽ ചാക്കോ മണയ്ക്കൽ,കോളേജ് പ്രിൻസിപ്പൽ ജോസഫ് ആന്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മന്ത്രി വി.ശിവൻകുട്ടി, എം.വിൻസെന്റ് എം.എൽ.എ, മുൻമന്ത്രി വി.എസ്.ശിവകുമാർ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
അവസാനയാത്രയ്ക്ക്
മുമ്പും തമാശ
കോളേജ് സമയം കഴിഞ്ഞാലും നാലംഗസംഘം പരിസരത്ത് തമാശ പറഞ്ഞു നിൽക്കുക പതിവായിരുന്നു. ബുധനാഴ്ച കോളേജിന് മുന്നിലുള്ള പാലത്തിന്റെ സൈഡിൽ ബൈക്ക് നിറുത്തി സംസാരിക്കുമ്പോഴും കുട്ടികൾ തമാശ പറഞ്ഞ് ചിരിച്ചത് സെക്യൂരിറ്റി മോഹൻ കണ്ണീരോടെ ഓർക്കുന്നു.