
തിരുവനന്തപുരം: വെള്ളായണിക്കായലിലെ വവ്വാമ്മൂല തുടലിവിള കടവിൽ കയത്തിൽപെട്ട് മുങ്ങിമരിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് കണ്ണീരോടെ യാത്രാമൊഴി. സുഹൃത്തുക്കളും സഹപാഠികളുമടക്കം തങ്ങളുടെ പ്രിയ കൂട്ടുകാരുടെ വേർപാടിൽ കണ്ണീരടക്കാൻ പാടുപെട്ടു. വെളളിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.
വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥികളായ വിഴിഞ്ഞം മുക്കോല കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റെയും സ്‌റ്റെല്ലയുടെയും മകൻ എൽ.ലിബ്‌നോ (20), വെട്ടുകാട് തൈവിളാകം ഹൗസിൽ ടി.സി. 33/396ൽ ഫ്രാൻസിസിന്റെയും മേരി സുമ ഫ്രാൻസിസിന്റെയും മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19), മണക്കാട് കുര്യാത്തി എൻ.എസ്.എസ് കരയോഗത്തിന് സമീപം ടി.സി. 41/1079 കവിതയിൽ സുരേഷ് കുമാറിന്റെയും കവിതാ റാണിയുടെയും മകൻ മുകുന്ദൻഉണ്ണി (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മുകുന്ദൻ ഉണ്ണിയുടെയും ലിബ്‌നോയുടെയും മൃതദേഹങ്ങൾ ക്രൈസ്റ്റ് കോളേജിൽ പൊതു ദർശനത്തിനായി എത്തിച്ചു. തുടർന്ന് ലിബ്‌നോയെ വിഴിഞ്ഞം സിന്ധുയാത്ര മാതാപളളിയിലും മുകുന്ദൻ ഉണ്ണിയെ പുത്തൻകോട്ട ശ്മശാനത്തിലും സംസ്‌കരിച്ചു. ഫെർഡിനാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് വെട്ടുകാട് മാദ്രെ ദേവൂസ് പളളിയിൽ സംസ്കരിച്ചു.
പൊഴിയൂർ സ്വദേശി സൂരജിനൊപ്പം വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് ഇവർ കായലിൽ എത്തിയത്. കുളിക്കാനിറങ്ങിയശേഷം മുന്നോട്ട് നീന്തുന്നതിനിടെ മൂന്നുപേർ കയത്തിൽ അകപ്പെടുകയായിരുന്നു. ഈ സമയം സൂരജ് കുളി കഴിഞ്ഞ് കരയിൽനിന്ന് തല തുടയ്ക്കുകയായിരുന്നു. സൂരജ് ഉടൻ ബഹളം വച്ച് ആളെ കൂട്ടി. വിഴിഞ്ഞം ഫയർഫോഴ്സിലും വിവരമറിയിച്ചു. വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി. തുടർന്ന് മൂവരെയും പുറത്തെടുത്ത് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലിബ്‌നോയുടെ സഹോദരങ്ങൾ ലിബ്ന, ലിബ്നി. ഫെർഡിനാന്റെ സഹോദരങ്ങൾ
ഫെറോളാസ്, ഫ്രെഡോലിൻ. മുകുന്ദനുണ്ണിയുടെ ഇരട്ട സഹോദരൻ മാധവനുണ്ണി, ജ്യേഷ്ഠ സഹോദരൻ കൃഷ്ണനുണ്ണി.