
തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് പൊലീസിനെ വഴിതെറ്റിക്കുന്നതെന്നും നിയമപരമായ തന്റെ അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.ആർ.പി.എഫ് അകമ്പടിയോടെ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരള പൊലീസ്. എന്നാൽ, അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. അവർക്കുമേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുകയെന്നത് തന്റെ കർത്തവ്യമാണെന്നും ഗവർണർ പരഞ്ഞു. 'കേന്ദ്ര സുരക്ഷ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. രാജ്ഭവനാണ് ഗവർണർ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചത്. നിലമേലിൽവച്ച് കാറിനു നേരെ ആക്രമണം നടന്നു. അതിനുശേഷമാണ് ഞാൻ കാറിൽനിന്ന് പുറത്തിറങ്ങിയത്. തുടർന്നാണ് പൊലീസ് നടപടിയെടുത്തത്." ഗവർണറുടെ സ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ചിലർക്ക് അധികാരം കൈയിൽ വരുമ്പോൾ അവരാണ് എല്ലാമെന്ന് കരുതുമെന്നും ഗവർണർ കുറ്റപ്പെടുത്തി.
ഗവർണറുടെ പതിവ് വാഹനവ്യൂഹത്തിനൊപ്പമാണ് ആയുധധാരികളായ സി.ആർ.പി.എഫ് സംഘവും എത്തിയത്. സി.ആർ.പി.എഫിന് പുറമെ കേരള പൊലീസും ഗവർണറുടെ സുരക്ഷാസംഘത്തിൽ ഉണ്ടായിരുന്നു.