p

തിരുവനന്തപുരം: നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ 4 വൈസ്ചാൻസലർമാരെ ഗവർണർ ഉടൻ പുറത്താക്കിയേക്കും. കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്കൃതം (ഡോ.എം.വി.നാരായണൻ), ഓപ്പൺ (പി.എം മുബാറക് പാഷ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്) സർവകലാശാലകളുടെ വി.സിമാരെയാവും യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരിൽ പുറത്താക്കുക. നേരത്തേ ഇവർക്കടക്കം 10വി.സിമാർക്ക് പുറത്താക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ 4 വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. വി.സിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഗവർണർക്ക് നിർദ്ദേശം നൽകിയിരുന്നു.

കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക, സാങ്കേതിക, ഫിഷറീസ്, കണ്ണൂർ, കാലിക്കറ്റ്, സംസ്കൃതം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളുടെ വി.സിമാരുടെ നിയമനമാണ് നിയമക്കുരുക്കിലായത്. ഇതിൽ സാങ്കേതിക, ഫിഷറീസ്, കണ്ണൂർ സർവകലാശാലാ വി.സിമാരെ ഇതിനോടകം കോടതികൾ പുറത്താക്കി. കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക വി.സിമാർ കാലാവധി കഴിഞ്ഞതിനാൽ സ്ഥാനമൊഴിഞ്ഞു. ശേഷിക്കുന്ന 4 വി.സിമാരുടെ കാര്യത്തിൽ യു.ജി.സി ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നു വിലയിരുത്തി ഗവർണർ തീരുമാനമെടുക്കാനാണ് കോടതി ഉത്തവ്.

2022 ഒക്ടോബറിൽ പുറത്താക്കൽ നോട്ടീസ് നൽകി വി.സിമാരെ ഹിയറിംഗ് നടത്തിയപ്പോഴേക്കും തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമായിരുന്നില്ല. ഹൈക്കോടതി വിധിയോടെ ഗവർണർക്കു നടപടിയെടുക്കാനുള്ള അവസരമൊരുങ്ങി. ഡിജിറ്റൽ സർവകലാശാലാ വി.സിക്കാണ് ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ ചുമതല. അദ്ദേഹത്തെ ഗവർണർ ഒഴിവാക്കിയാൽ സാങ്കേതിക സർവകലാശാലയ്ക്കും നാഥനില്ലാതാകും. സാങ്കേതിക വാഴ്സിറ്റി വി.സിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. 4വി.സിമാർക്ക് ഫെബ്രുവരിയിൽ ഹിയറിംഗ് നടത്തും.