
തിരുവനന്തപുരം: തലസ്ഥാനത്തിന് അഭിമാനമായി വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടൻ എസ്.ഗിരീഷിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചായിരുന്നു മെഡൽ പ്രഖ്യാപനം. ഡൽഹിയിൽ വ്യോമസേനാ ആസ്ഥാനത്ത് ഡയറക്ടറാണ് ഗിരീഷ്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി.
ഫോർട്ട് യു.പി സ്കൂൾ, എസ്.എം.വി ഹൈസ്കൂൾ, ഗവ. ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1995ലാണ് വ്യോമസേനയിൽ ചേർന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ബിരുദാനന്തര ബിരുദ പഠനകാലത്തായിരുന്നു പ്രസ്ക്ലബിലെ ജേർണലിസം പഠനം.
വ്യോമസേനയിലെത്തിയ ശേഷം എയർട്രാഫിക് കൺട്രോളറായി പ്രത്യേക പരിശീലനം നേടി. അമേരിക്കയിലും ഫ്രാൻസിലും പരിശീലനം നേടിയിട്ടുണ്ട്. ഭൂട്ടാനിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
കരസേനയിൽ കേണലിന് തുല്യമായ റാങ്കാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടൻ. നേരത്തേ തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിലും ഗിരീഷ് പ്രവർത്തിച്ചിരുന്നു.
പാൽക്കുളങ്ങര സ്വദേശി പൂർണിമ നായർ ആണ് ഭാര്യ. മക്കൾ ഉദയ് (സോഫ്‌ട് വെയർ എൻജിനിയർ), വരുൺ (എൻജിനിയറിംഗ് വിദ്യാർത്ഥി).