തിരുവനന്തപുരം: കൺമുന്നിൽ പ്രിയ ചങ്ങാതിമാർ മുങ്ങിത്താഴുന്നത് കണ്ടതിന്റെ ഞെട്ടലിൽ നിന്ന് സൂരജ് ഇനിയും മുക്തനായിട്ടില്ല. ആരോടും സംസാരിക്കാനാകാത്ത മാനസികാവസ്ഥയിലാണ് അവനെന്ന് സുഹൃത്തുക്കൾ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെ വെങ്ങാനൂർ നെല്ലിവിള തൊടലിവിളക്ക് സമീപമുള്ള വെള്ളായണി കായലിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

മരിച്ച മൂന്നുപേരുടെയും ക്ലാസിൽ തന്നെയാണ് പൊഴിയൂർ ഇടച്ചിറ കരുണാഭവനിൽ സൂരജും പഠിക്കുന്നത്. മുകുന്ദനുണ്ണി പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗസംഘം അവധിദിനത്തിൽ വെള്ളായണിയിലെത്തിയത്. ലിബിനോയും മുകുന്ദനുണ്ണിയും ഫെർഡിനാനും കായലിൽ കുളിക്കാനിറങ്ങി. കരയിൽ നിൽക്കുന്ന സൂരജിന്റെ കൈയിൽ ഫോൺ ഏല്പിച്ചായിരുന്നു ഇവർ പോയത്. കുളിക്കുന്നതിനിടെ 3.30ഓടെ മൂന്നംഗ സംഘം കായലിലെ കയത്തിൽ അകപ്പെടുകയായിരുന്നു. സൂരജ് ആദ്യം ഭയപ്പെട്ടെങ്കിലും ഉടൻ ബഹളംവച്ച് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിളിച്ചു.

ഫയർഫോഴ്സ് വാഹനം വരുന്നതുകണ്ടാണ് സമീപവാസികൾ സ്ഥലത്തെത്തിയത്. 15 മിനിട്ടിനകം വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അജയ് .ടി.കെയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം നാട്ടുകാരുടെ സഹായത്തോടെ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. 4.30ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മരണം സ്ഥിരീകരിച്ചു.

അപകടം പതിവ്

നന്നായി നീന്തലറിയാവുന്നവർക്കുപോലും പിടിച്ചുനിൽക്കാനാവാത്ത കയത്തിലാണ് വിദ്യാർത്ഥികൾ മുങ്ങിയതെന്ന് പരിസരവാസികൾ പറയുന്നു. പണ്ട് വലിയ രീതിയിൽ ഇവിടെ മണൽകടത്ത് നടന്നിരുന്നു. അന്ന് മണലൂറ്റാൻ കുഴിച്ച കുഴികളാണ് ഇപ്പോൾ വലിയ കയങ്ങളായത്. അപകടസാദ്ധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.