pinarayi-vijayan

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ ഗവർണർ കാണിച്ചത് കേരളത്തോടുള്ള ഒരുതരം വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തോടുള്ള അവഹേളനമാണ് ഉണ്ടായത്. ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണിത്. ഒരു മുന്നണിയോടോ, സർക്കാരിനോടോ മാത്രമാണിതെന്ന് കരുതാനാവില്ല. അതാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയില്ല, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ ഗവർണർക്ക് സമയമുണ്ട്‌.

അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം. അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാനായി അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. സാധാരണ സെക്യൂരിറ്റി നിലപാടുകൾക്കു വിരുദ്ധമായ കാര്യമാണത്. പൊലീസ് ചെയ്യേണ്ട ഡ്യൂട്ടി പൊലീസ് നിർവഹിക്കും. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഗവർണർക്കും പ്രതിപക്ഷ നേതാവിനും ഒരേസ്വരമാണ്. വാചകങ്ങൾ പോലും സമാനമാണ്. അത് വിചിത്രമായിരിക്കുന്നു.

'ആ പട്ടികയിൽ ഖാനും

വേണമെന്ന് കരുതിയിരിക്കാം'

സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്ര സുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്,ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ ഇവരെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും വേണമെന്ന് കേന്ദ്ര സർക്കാർ കരുതിയിരിക്കാം.