തിരുവനന്തപുരം: സ്വകാര്യ ഏജൻസികൾ വീടുകളിൽ നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നത് ഘട്ടംഘട്ടമായി നിറുത്തലാക്കുമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു അറിയിച്ചു.

എയ്‌റോബിക് ബിന്നുകൾ,കിച്ചൺ ബിന്നുകൾ എന്നീ സംവിധാനങ്ങളിലൂടെ വീടുകളിലെ ജൈവ മാലിന്യം സംസ്‌കരിക്കണമെന്നും അടുത്ത മാസത്തോടെ ജൈവ മാലിന്യ ശേഖരണം 100 വാർഡുകളിലും അവസാനിപ്പിക്കുമെന്നും ഗായത്രി പറഞ്ഞു. അതേസമയം,നിലവിൽ സ്ഥാപിച്ച ബിന്നുകളിലൂടെ മുഴുവൻ ജൈവ മാലിന്യവും സംസ്‌കരിക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്. നാല് ലക്ഷത്തോളം കുടുംബങ്ങൾ താമസിക്കുന്ന നഗരത്തിൽ 50000ൽ താഴെ മാത്രമാണ് കിച്ചൺബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വാർഡുകളിലും എയ്‌റോബിക് ബിന്നുകൾ സ്ഥാപിച്ചിട്ടുമില്ല. എന്നാൽ പ്രഖ്യാപനം നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
അയ്യങ്കാളി ഹാൾ–ഫ്ലൈഓവർ റോഡിൽ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് അംഗം ജോൺസൺ ജോസഫ് ആവശ്യപ്പെട്ടു. പാളയം ബസിലിക്ക ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത് ആരാധനയ്ക്കും പഠനത്തിനും തടസമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.